കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി. മാർ തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 339-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20 പെരുന്നാൾ) ആരംഭിച്ചു. സെപ്റ്റംബർ 25 ചരിത്ര പ്രസിദ്ധമായ കൊടിയേറ്റിലൂടെ ആരംഭിച്ച പെരുന്നാൾ ഒക്ടോബർ 4 ന് സമാപിക്കും.
പെരുന്നാൾ ദിവസമായ ഒക്ടോബർ 2 ബുധൻ രാവിലെ 6.45 ന് പ്രഭാത നമസ്ക്കാരം, 7.30 ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, വൈകിട്ട് 3 മണിക്ക് മേമ്പൂട്ടിൽ നിന്ന് പള്ളി ഉപകരണങ്ങൾ ആഘോഷമായി പള്ളിയകത്തേക്ക് കൊണ്ടു പോകും. വൈകിട്ട് 5 മണിക്ക് വിവിധ മേഖലകളിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങൾക്ക് സ്വീകരണംനൽകും. വൈകിട്ട് 6.30 ന് അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ സന്ധ്യാനമസ്ക്കാരം 8.30 ന് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പെരുന്നാൾ സന്ദേശം, 10 മണിക്ക് പ്രദക്ഷിണം എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിവസമായ ഒക്ടോബർ 3 വ്യാഴം രാവിലെ 5 ന് പ്രഭാത നമസ്ക്കാരം, 5.30 ന് അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, 6.30 ന് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, 8.30 ന് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, നേർച്ചസദ്യ , പ്രദക്ഷിണം എന്നിവ നടത്തപ്പെടും. വൈകിട്ട് 5 മണിക്ക് പള്ളി ഉപകരണങ്ങൾ തിരികെ മേമ്പൂട്ടിലേക്ക് ആഘോഷമായി കൊണ്ടു പോകും. 6.30 ന് സന്ധ്യാനമസ്ക്കാരം ഉണ്ടാകും.
ഒക്ടോബർ 4 വെള്ളി രാവിലെ 7 ന് പ്രഭാത നമസ്ക്കാരം, 8 ന് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, വൈകിട്ട് 4 ന് കൊടിയിറക്ക്, 6.15 ന് സന്ധ്യാനമസ്ക്കാരം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.