വേൾഡ് സിറിയക് മെഡിക്കൽ അസ്സോസിയേഷന്റെ നാലാമത് അന്താരാഷ്ട്ര സമ്മേളനം സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ആരംഭിച്ചു; പരിശുദ്ധ പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്തു

സ്വീഡൻ ● സുറിയാനി സഭയിലെ ഡോക്ടർമാരുടെ അന്താരാഷ്ട്ര സംഘടനയായ വേൾഡ് സിറിയക് മെഡിക്കൽ അസ്സോസിയേഷന്റെ നാലാമത് അന്താരാഷ്ട്ര സമ്മേളനം സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ആരംഭിച്ചു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം ഡോക്ടേഴ്സ് സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

വേൾഡ് സിറിയക് മെഡിക്കൽ അസ്സോസിയേഷന്റെ ഇന്ത്യൻ ചാപ്റ്ററിന്റെ പ്രസിഡന്റ് കൂടിയായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സമ്മേളനത്തിൽ സംബന്ധിക്കുന്നു. സ്വീഡൻ ആർച്ച് ബിഷപ്പ് മോർ ദിയസ്കോറോസ് ബന്യാമിൻ അത്താസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറി മോർ ഔഗേൻ അൽഖൂറി അൽക്കാസ് മെത്രാപ്പോലീത്ത, സ്വീഡൻ – സ്കാൻഡിനേവിയൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ യുഹാനോൻ ലഹ്ദോ മെത്രാപ്പോലീത്ത തുടങ്ങിയവരും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. ശാസ്ത്രീയ, മെഡിക്കൽ പ്രബന്ധങ്ങൾ, ആത്മീയ ക്ലാസുകൾ, സുറിയാനി സംഗീത പരിപാടികൾ എല്ലാം ഉൾപ്പെടുന്ന കോൺഫറൻസ് ഞായറാഴ്ച വിശുദ്ധ കുർബ്ബാനയോടുകൂടി സമാപിക്കും.

വേൾഡ് സിറിയക് മെഡിക്കല്‍ അസ്സോസിയേഷന്റെ ഇന്ത്യാ ഘടകത്തിന്റെ ദേശീയ സമ്മേളനം കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്നിരുന്നു. അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് പി. എബ്രഹാം, ജനറല്‍ സെക്രട്ടറി ഡോ. സിവി. വി. പുലയത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കർമ്മ പദ്ധതികളോടെ സംഘടന പ്രവർത്തിക്കുന്നു.

സമൂഹത്തിലെ അശരണര്‍ക്കും, സാധുക്കള്‍ക്കും വൈദ്യസഹായവും പരിചരണവും നല്‍കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സംഘടന വൃദ്ധസദനങ്ങള്‍, മാനസീകാരോഗ്യ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, ആദിവാസി മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ച് ചികിത്സാ പദ്ധതികള്‍ നടത്തി വരുന്നു. അതോടൊപ്പം വൈദ്യശാസ്ത്ര രംഗത്തും, സാമൂഹ്യ സേവന രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച യാക്കോബായ സുറിയാനി സഭയിലെ ഡോക്ടര്‍മാരെ ആദരിക്കലും സംഘടന നിർവ്വഹിക്കുന്നു.