മലങ്കര സഭയെ സത്യവിശ്വാസത്തിൽ നില നിർത്തുന്നതിനും പൗരോഹിത്യ ന്യൂനതകൾ പരിഹരിക്കുന്നതിനുമായി പ്രതിസന്ധികളെ അതിജീവിച്ച്, കഷ്ടതകളും, നഷ്ടങ്ങളും, യാത്രാക്ലേശങ്ങളും സഹിച്ച് കാലാകാലങ്ങളിൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും പരിശുദ്ധ പിതാക്കന്മാർ മലങ്കരയിൽ വരികയും ഈ മണ്ണിൽ കബറടങ്ങുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ അന്ത്യോഖ്യായുടെ അപ്പസ്തോലിക സിംഹാസനത്തിൽ വാണരുളിയ പരിശുദ്ധ ഇഗ്നാത്തിയോസ് ഗീവർഗീസ് മൂന്നാമൻ ബാവായാൽ മലങ്കരയിലേക്ക് നിയോഗിച്ചയച്ച പരിശുദ്ധ പിതാവാണ് മോർ ബസ്സേലിയോസ് ശക്രള്ളാ ബാവ.
സുറിയാനി സഭയുടെ മഫ്രിയാന ആയിരുന്ന വിശുദ്ധ ശക്രള്ള മോർ ബസ്സേലിയോസ് ബാവായുടെ 260-ാമത് ഓർമ്മ പരിശുദ്ധ സഭ ഇന്ന് ഒക്ടോബർ 22 ന് കൊണ്ടാടുന്നു. മലങ്കര സഭയുടെ പ്രതിസന്ധിയിൽ പരിശുദ്ധ സഭയിൽ സത്യവിശ്വാസം നിലനിർത്തുവാൻ എഴുന്നെള്ളി വന്ന പുണ്യപിതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്മരണകൾ മലങ്കര സുറിയാനി സഭയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ പതിഞ്ഞിരിക്കുന്നു.
സിറിയയിലെ ആലപ്പോ നഗരത്തിൽ ഡീക്കൻ മൂസ അൽ-ഖസബ്ജിയുടെ മകനായി അദ്ദേഹം ജനിച്ചു. അവിടുത്തെ സുറിയാനി സഭയുടെ മല്പാനന്റെ കീഴിൽ അദ്ദേഹം സുറിയാനി പഠിച്ചു, അതുപോലെ അറബിയിലും പ്രാവീണ്യം നേടി. മതശാസ്ത്ര പഠനത്തിനു ശേഷം സന്യാസിയായി, പിന്നീട് പുരോഹിതനായി. സ്തുത്യർഹമായ പ്രവർത്തനങ്ങളും സ്വഭാവവും ഉള്ളവനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അറിവ് വിപുലമായിരുന്നു. അദ്ദേഹം അറബിയിൽ എഴുതിയ മതബോധനത്തെക്കുറിച്ചുള്ള ഒരു പുസ്തകം ആലപ്പോയിലെ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു.
1748 ൽ ആഗസ്റ്റ് മാസത്തിൽ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ആയിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് ഗീവർഗീസ് മൂന്നാമൻ ബാവാ ‘ബസ്സേലിയോസ്’ എന്ന നാമത്തിൽ അദ്ദേഹത്തെ മഫ്രിയാനയായി വാഴിച്ച് മലങ്കരയിലേക്ക് അയച്ചു. മലങ്കര മെത്രാപ്പോലീത്തയായിരുന്ന മാർത്തോമാ അഞ്ചാമന്റെ അപേക്ഷപ്രകാരമാണ് അദ്ദേഹത്തെ മലങ്കരയിലേക്ക് അയച്ചത്. മലങ്കര സഭയ്ക്കു വേണ്ടി 64 കൈയെഴുത്തു ഗ്രന്ഥങ്ങളും, വിശുദ്ധ മൂറോനും, യെരുശലേമിൽ നിന്നുള്ള കുരിശുകളും വിശുദ്ധ പിതാവ് കൊണ്ടുവന്നു. യാത്രയിൽ ഏറെ പ്രയാസങ്ങൾ നേരിട്ട പുണ്യ പിതാവും സംഘവും 1751 മേടമാസം 23-ാം തീയതി കൊച്ചിയിലെത്തി.
വിശുദ്ധ പിതാവ് 475 രൂപയ്ക്കു സ്ഥലം വാങ്ങി പണികഴിപ്പിച്ചതാണ് മട്ടാഞ്ചേരി പള്ളി. ക്രിസ്തു മത വിശ്വാസത്തെ പറ്റി അറബി ഭാഷയിൽ “ക്വൽ അറ്റ് അൽ ഇമ്രാ” എന്ന പുസ്തകം വിശുദ്ധ പിതാവ് രചിച്ചിട്ടുണ്ട്.
മലങ്കരയിൽ 13 വർഷക്കാലം ജീവിച്ച് വിശുദ്ധ സഭയെ സത്യവിശ്വാസത്തിലും ശ്ലെഹിക പൗരോഹിത്യ പിൻതുടർച്ചയിലും ഉറപ്പിക്കുന്നതിനായി അക്ഷീണം പ്രയത്‌നിച്ചു. ശ്രേഷ്ഠമായ ഇടയപരിപാലന നടത്തിയശേഷം എ.ഡി 1764 തുലാം മാസം 9 ന് കൊച്ചിയിലെ മട്ടാഞ്ചേരി പള്ളിയിൽ വച്ച് കാലം ചെയ്ത അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഒക്ടോബർ 22 ന് കണ്ടനാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ കബറടക്കി.