യാക്കോബായ സുറിയാനി സഭയെ കരുത്തുറ്റതാക്കാന്‍ ത്യാഗം സഹിച്ച യോദ്ധാവ് : ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ – സഭാ മാനേജിംഗ് കമ്മിറ്റി

പുത്തന്‍കുരിശ് ● 50 വര്‍ഷക്കാലം യാക്കോബായ സുറിയാനി സഭയില്‍ മഹാ പുരോഹിതനായും, ശ്രേഷ്ഠ കാതോലിക്ക ബാവായായും സഭാ മക്കളെ ശുശ്രൂഷിച്ച് ഇന്നു കാണുന്ന യാക്കോബായ സുറിയാനി സഭയെ ആത്മീകമായും ഭൗതീകമായും സുവിശേഷപരമായും വളര്‍ത്തിയെടുക്കാന്‍ അക്ഷീണം യത്‌നിച്ച കര്‍മ്മയോഗിയും, പാവപ്പെട്ടവരുടെ പ്രവാചകനും, യാക്കോബായ സഭയുടെ ഭാഗ്യതാരകവുമായിരുന്നു ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായെന്ന് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ കൂടിയ സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠ ബാവായുടെ ദേഹവിയോഗത്തില്‍ മാനേജിംഗ് കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ശ്രേഷ്ഠ കാതോലിക്ക ബാവായുടെ 30-ാം അടിയന്തിരം പരി. സഭയിലെ എല്ലാ പള്ളികളിലും 2024 നവംബര്‍ മാസം 29-ാം തീയതി വെള്ളിയാഴ്ച ആചരിക്കണമെന്നും അന്നേദിവസം വി. കുര്‍ബ്ബാനയും അനുസ്മരണ പ്രാര്‍ത്ഥനകളും, പാച്ചോര്‍ നേര്‍ച്ചയും നടത്തണമെന്നും തീരുമാനിച്ചു. ഡിസംബര്‍ മാസം 08-ാം തീയതി ഉച്ചകഴിഞ്ഞ് ആരംഭിച്ച് ശ്രേഷ്ഠ ബാവാ കബറടങ്ങിയിരിക്കുന്ന പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വൈകീട്ട് 6.00 മണിയ്ക്ക് നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കു ചേരത്തക്കവിധത്തില്‍ സമീപ ദൈവാലയങ്ങളില്‍ നിന്നും കാല്‍നട തീര്‍ത്ഥയാത്ര പരി. സഭയുടെ നേതൃത്വത്തില്‍ നടത്തുന്നതിന് അനുവാദം നല്‍കി.

പരി. സഭയുടെ നേതൃത്വത്തില്‍ ശ്രേഷ്ഠ ബാവായുടെ 40-ാം അടിയന്തിരം 2024 ഡിസംബര്‍ മാസം 9-ാം തീയതി തിങ്കളാഴ്ച ശ്രേഷ്ഠ ബാവാ കബറടങ്ങിയിട്ടുള്ള പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വച്ച് നടക്കും. രാവിലെ 8.30 ന് ആരംഭിക്കുന്ന വി. കുര്‍ബ്ബാനയ്ക്ക് ആകമാന സുറിയാനി സഭയുടെ പരമമേലദ്ധ്യക്ഷന്‍ പരി. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. വി. കുര്‍ബ്ബാനന്തരം നടക്കുന്ന അനുസ്മരണ സമ്മേളനം പരി. പാത്രിയര്‍ക്കീസ് ബാവാ ഉത്ഘാടനം ചെയ്യും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ജീവചരിത്ര ഗ്രന്ഥ പ്രകാശനം, നേര്‍ച്ച സദ്യ എന്നിവയും ഉണ്ടായിരിക്കും.

ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ നിത്യസ്മരണ നിലനില്‍ക്കത്തക്കവിധം ബാവായുടെ ജീവിതവും, കര്‍മ്മ പ്രവര്‍ത്തനങ്ങളും, പ്രബോധനങ്ങളും കൂടാതെ സഭാപിതാക്കന്മാരുടെ ജീവചരിത്രവും ഉള്‍പ്പെടുത്തി ആധുനിക സംവിധാനത്തില്‍ ഒരു മ്യൂസിയം ആരംഭിക്കുവാനും അതിന്റെ ശിലാസ്ഥാപന കര്‍മ്മം ഡിസംബര്‍ 9 ന് നിര്‍വ്വഹിക്കുവാനും മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. ശ്രേഷ്ഠ ബാവായുടെ ഓര്‍മ്മകള്‍ പങ്ക് വച്ചുകൊണ്ടുള്ള അനുസ്മരണ സമ്മേളനം തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ വച്ച് സമൂഹത്തിന്റെ നാനാതുറകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 40-ാം അടിയന്തിര ചടങ്ങുകള്‍ക്കു ശേഷം നടത്തുവാന്‍ തീരുമാനിച്ചു. 34-ാം അഖില മലങ്കര സുവിശേഷ മഹായോഗം ഡിസംബര്‍ 26 മുതല്‍ 31 വരെ നടത്തപ്പെടുന്നു. അതിന്റെ വിജയത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങണമെന്നും മാനേജിംഗ് കമ്മറ്റി ആഹ്വാനം ചെയ്തു.

ഇന്നു കൂടിയ മാനേജിഗ് കമ്മറ്റിയോഗത്തില്‍ അഭി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, അഭി. കുര്യാക്കോസ് മോര്‍ ക്ലിമീസ്, അഭി. യാക്കോബ് മോര്‍ അന്തോണിയോസ്, അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ്, അഭി. എലിയാസ് മോര്‍ യൂലിയോസ്, അഭി.ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, സഭാ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ജെ.എസ്.സി ന്യൂസ്

പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ

Leave a Reply

Your email address will not be published. Required fields are marked *