പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 21-ാം ഓര്‍മ്മ ദിനമായ ഇന്ന് നവംബർ 20 ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം ഡയറക്‌ടറുമായ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ന് തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പകൽ ധ്യാനവും ശ്രേഷ്ഠ ബാവ അനുസ്മരണവും പ്രാർത്ഥനയും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.