പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 22-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 21 വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോര് അന്തിമോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, വന്ദ്യ തോമസ് മറ്റത്തില്‍ കോറെപ്പിസ്ക്കോപ്പ, ഫാ. സാബു യോഹന്നാന്, ഫാ. എല്‍ദോസ് ചിറങ്ങര എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു.
തുടര്‍ന്ന് 9.30 മണി മുതല്‍ നിരണം ഭദ്രാസനത്തിന്റെയും, ജെ.എസ്.സി മിഷന് പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്ക്കാരം നടന്നു.
വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്കി. അഭി. ഗീവര്‍ഗ്ഗീസ് മോര് അത്താനാസിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ്, അഭി. മാത്യൂസ് മോര് അഫ്രേം, അഭി. കുര്യാക്കോസ് മോര് യൗസേബിയോസ്, അഭി. ഡോ. ഏലിയാസ് മോര് അത്താനാസിയോസ്, അഭി. യാക്കോബ് മോര് അന്തോണിയോസ്, അഭി. ഐസക് മോര് ഒസ്താത്തിയോസ്, അഭി. തോമസ് മോര് അലക്സന്ത്രയോസ്, അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ്, അഭി. ഗീവര്‍ഗ്ഗീസ് മോര് സ്തേഫാനോസ് എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യ കോറെപ്പിസ്ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.