സ്വർഗ്ഗീയ മഹത്വത്തിൽ 23-ാം നാൾ; സ്നേഹ സ്മരണയിൽ ശ്രേഷ്ഠ ഇടയൻ

പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 23-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 22 വെള്ളിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അന്തോണിയോസ് യാക്കോബ്, മോർ സ്തേഫാനോസ് ഗീവർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

പുണ്യശ്ലോകനായ ശ്രേഷ്ഠ ബാവയുടെ 40-ാം ദിവസത്തെ അടിയന്തര ചടങ്ങുകളിലേക്കായി ഹൈറേഞ്ച് മേഖലയുടെ ഓഹരി അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർക്കു കൈമാറി.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ സെൻ്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും.

എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *