ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥനയുമായി വിശ്വാസികൾ; ഏഴാം ഓർമ്മദിനം ആചരിച്ചു

പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ കബറിങ്കൽ പ്രാർത്ഥനയുമായി വിശ്വാസി സമൂഹം.

ശ്രേഷ്ഠ ബാവായുടെ ഏഴാം ഓര്‍മ്മദിനമായ ഇന്ന് (നവംബർ 6 ബുധൻ) പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വൈകിട്ട് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. അഭിവന്ദ്യ ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയും വൈദീകരും അടക്കം നിരവധി വിശ്വാസികൾ സംബന്ധിച്ചു.

എട്ടാം ഓർമ്മ ദിവസമായ നാളെ (നവംബർ 7 വ്യാഴാഴ്ച) രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും.

പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 6 മണിക്ക് പ്രഭാത നമസ്കാരവും 6.30 ന് വിശുദ്ധ കുർബ്ബാനയും ഞായറാഴ്ച ദിവസങ്ങളിൽ 6 മണിക്ക് പ്രഭാത നമസ്കാരവും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും നടക്കും. എല്ലാ ദിവസങ്ങളിലും 12 മണിക്ക് ഉച്ച നമസ്കാരവും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും രാവിലെ 5.30 ന് പാതിരാത്രി നമസ്കാരവും നടത്തപ്പെടും. വിശ്വാസികൾക്ക് ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയത്തും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.