പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ എട്ടാം ഓര്‍മ്മദിനമായ ഇന്ന് വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ എലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, ഫാ. തോമസ് കോര, ഫാ. ആകാഷ്, ഫാ. എല്‍ദോസ് ചെറിയാന്‍ നമ്മനാരില്‍ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. അഭി. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തായും, സഭാ ഭാരവാഹികളും, നിരവധി വൈദീകരും, അനേകം വിശ്വാസികളും കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.
തുടര്‍ന്ന് 9.30 മണി മുതല്‍ വൈകീട്ട് 5.30 വരെ പരി. സഭയുടെ കീഴിലുള്ള ജെ.എസ്.സി. മിഷന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗം നടന്നു. ജെ.എസ്.സി. മിഷന്‍ പ്രസിഡന്റ് അഭി. മാത്യൂസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. വന്ദ്യ കോറെപ്പിസ്‌ക്കോപ്പായും, നിരവധി വൈദീകരും, നൂറോളം ജെ.എസ്. സി. മിഷന്‍ അംഗങ്ങളും പങ്കെടുത്തു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു.
വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോർ ഗ്രിഗോറിയോസ്, അഭി. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്തന്മാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.