പത്തനംതിട്ട ● തന്നെ ഭരമേല്പിച്ചതും, താൻ വിശ്വസിച്ചതുമായ സത്യ സുറിയാനി സഭയുടെ വിശ്വാസത്തെ കളങ്കം കൂടാതെ പരിപാലിച്ച ശ്രേഷ്ഠ ഇടയനായിരുന്നു കാലം ചെയ്ത ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ. യാക്കോബായ സഭയുടെ ഔന്നിത്യത്തിനും ശ്രേഷ്ഠതക്കും വേണ്ടി നീതിപൂർവ്വമായ ഏതു വിട്ടുവീഴ്ചക്കും തയ്യാറായ ഉത്തമനായ സഭാ നേതാവായിരുന്നു ശ്രേഷ്ഠ ബാവ എന്ന് അഡ്വ. മാത്യു ടി. തോമസ് എംഎൽഎ. യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ കാവുംഭാഗം സെന്റ് ജോർജ് കത്തീഡ്രലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരണം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ബർണബാസ് ഗീവർഗീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ മാർത്തോമാ സഭയുടെ ചെങ്ങന്നൂർ, മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യുയാക്കിം മോർ കൂറിലോസ് സഫഗ്രൻ മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ. സാമുവൽ മോർ ഐറേനിയോസ് മെത്രാപ്പോലീത്ത, ശ്രീ. ടി.എം. മാത്യു എന്നിവർ ശ്രേഷ്ഠ ബാവയുടെ ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെയും, നേരിട്ട വെല്ലുവിളികളെയും അനുസ്മരിച്ച് സംസാരിച്ചു.
യാക്കോബായ സുറിയാനി സഭയുടെ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന അഡ്മിനിസ്ട്രേറ്റർ വന്ദ്യ ജോയിക്കുട്ടി വർഗീസ് കോർ എപ്പിസ്കോപ്പ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. റോജൻ പേരകത്ത് സ്വാഗതവും, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. അരുൺ ബോസ് കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രേഷ്ഠ ബാവയുടെ സ്മരണാർത്ഥം ഭദ്രാസന മുഖപത്രമായ നിരണം പത്രികയുടെ പ്രത്യേക പതിപ്പ് “ശ്രേഷ്ഠ ജീവിതം” പ്രകാശന കർമ്മം അഭിവന്ദ്യ ഗീവർഗീസ് മോർ ബർണബാസ് മെത്രാപ്പോലീത്തയും, അഡ്വക്കേറ്റ് മാത്യു ടി. തോമസ് എം.എൽ.എയും ചേർന്ന് നിർവ്വഹിച്ചു.