സമാധാന ദൂതൻ മലങ്കരയിലേക്ക്; ശ്രേഷ്ഠ ബാവായുടെ 40-ാം ഓര്‍മ്മദിന ശുശ്രൂഷകളിൽ പരിശുദ്ധ ബാവ മുഖ്യ കാർമികനാകും

പുത്തൻകുരിശ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഡിസംബർ 7 മുതൽ 17 വരെ സംസ്ഥാന സർക്കാരിന്റെ അതിഥിയായി മലങ്കര സന്ദർശിക്കും.

ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് സർക്കാർ അതിഥിയായി പരിഗണിച്ചു കൊണ്ടുള്ള ഉത്തരവിറക്കി. സുരക്ഷ ഒരുക്കുന്നതിന് ഡിജിപിയെ ചുമതലപ്പെടുത്തി. പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ചാണ് ശ്ലൈഹിക സന്ദർശനം. പരിശുദ്ധ ബാവായുടെ മലങ്കരയിലെ 5-ാം ശ്ലൈഹിക സന്ദർശനമാണിത്.

ഡിസംബർ 7 ന് രാവിലെ 9 മണിക്ക് എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പരിശുദ്ധ ബാവായ്ക്ക് യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തിൽ ഊഷ്‌മള സ്വീകരണം നൽകും. അന്ന് മലേക്കുരിശ് ദയറായിൽ താസിക്കുന്ന ബാവ 8-ാം തീയതി രാവിലെ 8 മണിക്ക് മലേക്കുരിശ് ദയറായിൽ വിശുദ്ധ കുർബ്ബാനയർപ്പിക്കും. തുടർന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തി പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിൽ അധ്യക്ഷത വഹിക്കും. പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിൽ ധൂപാർപ്പണം നടത്തും.

9-ാം തീയതി രാവിലെ 8.30 ന് ശ്രേഷ്ഠ ബാവയുടെ 40-ാം ഓർമ്മ ദിനത്തിൽ പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പരിശുദ്ധ ബാവ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് ഓർമ്മദിന ശുശ്രൂഷകളിൽ സംബന്ധിക്കും. പരിശുദ്ധ പിതാവ് 10-ാം തീയതി മുതൽ മഞ്ഞനിക്കര ദയറായിലായിരിക്കും. 17 നു രാവിലെ 9.50 നു നെടുമ്പാശ്ശേരിയിൽ നിന്നു മടങ്ങും.

  • Related Posts

    എം.ടി. വാസുദേവൻ നായർ : മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭ – മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭയായ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുശോചിച്ചു. മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും…

    അഖില മലങ്കര സുവിശേഷ മഹായോഗം പുത്തൻകുരിശിൽ ഇന്ന് ആരംഭിക്കും

    പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ യോഗം സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ ഇന്ന് ആരംഭിക്കും. ഡിസംബർ 31 വരെയാണ് സുവിശേഷ യോഗം നടക്കുക. എല്ലാ ദിവസവും വൈകിട്ട് 5:30…