പുത്തന്‍കുരിശ് ● ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ നാളെ രാവിലെ 8.00 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരും.
മലങ്കര മെത്രാപ്പോലീത്തായും, പരി. സഭയിലെ മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളും ചേര്‍ന്ന് പരി. പിതാവിനെ വിമാനത്താവളത്തില്‍ സ്വീകരിക്കും. അവിടെ നിന്നും പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ കബറിങ്കല്‍ പരി. പാത്രിയര്‍ക്കീസ് ബാവാ ധൂപപ്രാര്‍ത്ഥന നടത്തും. 8-ാം തീയതി ഞായറാഴ്ച മലേക്കുരിശ് ദയറായില്‍ പരിശുദ്ധ പിതാവ് വി. കുര്‍ബ്ബാന അര്‍പ്പിക്കും. വൈകീട്ട് 4.00 മണിക്ക് പാത്രിയര്‍ക്കാ സെന്ററിലെ കത്തീഡ്രലില്‍ പരിശുദ്ധ പിതാവ് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
9-ാം തീയതി രാവിലെ 8.30 ന് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന ശ്രേഷ്ഠ ബാവായുടെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരി. ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കബറടങ്ങിയിരിക്കുന്ന മഞ്ഞിനിക്കര ദയറായില്‍ ചിലവഴിച്ച ശേഷം 17-ാം തീയതി നെടുമ്പാശ്ശേരിയില്‍ നിന്ന് ലബനോനിലേക്ക് മടങ്ങും. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ചാണ് ഇപ്രാശ്യത്തെ പരി. പിതാവിന്റെ സന്ദര്‍ശനം. ശ്രേഷ്ഠ ബാവായുടെ 40-ാം ഓർമ്മദിനത്തിന്റെ ഒരുക്കങ്ങള്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ പൂര്‍ത്തിയായി വരുന്നു.