പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 36-ാം ഓര്‍മ്മ ദിനമായ ഇന്നലെ ഡിസംബർ 6 വെള്ളിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന്റെ അഭിവന്ദ്യ മോര് ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. വന്ദ്യ ഗീവർഗീസ് മുളയംകോട്ട് കോറെപ്പിസ്കോപ്പ, വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ എന്നിവർ സഹകാർമികരായി. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായും പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ വൈദികരും സന്നിഹിതരായിരുന്നു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു.
തുടര്‍ന്ന് 9.30 മണി മുതൽ പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ദൈവാലയത്തിൽ പകൽ ധ്യാനവും ശ്രേഷ്ഠ ബാവ അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഉച്ചയക്ക് 12 മണിയ്ക്ക് മദ്ധ്യാഹ്ന നമസ്ക്കാരം നടന്നു.
വൈകീട്ട് 6 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അന്തോണിയോസ് യാക്കോബ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവരും ബഹു. വൈദീകരും നിരവധി വിശ്വാസികളും സംബന്ധിച്ചു.