പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 38-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 7 ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു.
ശ്രേഷ്ഠ ബാവായുടെ 40-ാം ഓർമ്മദിന ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കുവാൻ എഴുന്നള്ളി വന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ ധൂപാർപ്പണം നടത്തി.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും.
എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. പ്രായഭേദമന്യേ ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.