പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹീക സന്ദര്‍ശനം ആരംഭിച്ചു

പുത്തന്‍കുരിശ് ● ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ അപ്പോസ്‌തോലിക സന്ദര്‍ശനത്തിനായി മലങ്കരയില്‍ എത്തിച്ചേര്‍ന്നു. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ചാണ് പരി. ബാവായുടെ ശ്ലൈഹീക സന്ദര്‍ശനം.

രാവിലെ 8.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പരി. പാത്രിയര്‍ക്കീസ് ബാവായെ മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരും, ബഹു. വൈദീകരും, വിശ്വാസികളും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്കി. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എത്തിച്ചേര്‍ന്ന പരി. പാത്രിയര്‍ക്കീസ് ബാവായെ സ്വീകരിക്കുവാന്‍ സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു, ശ്രീ. ബെന്നി ബഹനാന്‍ എം.പി, എം.എല്‍.എ മാരായ എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, പരി. സഭയുടെ വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളും, രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് യാക്കോബായ സഭാ ആസ്ഥാനമായ പാത്രിയര്‍ക്കാസെന്ററില്‍ എത്തിച്ചേര്‍ന്ന പാത്രിയർക്കീസ് ബാവാ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന നടത്തുകയും, ശ്രേഷ്ഠ ബാവായെ അനുസ്മരിക്കുകയും ചെയ്തു.

വൈകീട്ട് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും മെത്രാപ്പോലീത്താമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, മാത്യൂസ് മോര്‍ അഫ്രേം, പൗലോസ് മോര്‍ ഐറേനിയോസ്, ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, മോര്‍ ക്ലീമിസ് ഡാനിയേല്‍ എന്നിവരും നൂറ് കണക്കിന് വൈദീകരും അനേകം വിശ്വാസികളും പങ്കെടുത്തു.


ഡിസംബര്‍ 8-ാം തീയതി ഞായറാഴ്ച പരി. പാത്രിയര്‍ക്കീസ് ബാവാ മലേക്കുരിശ് ദയറായില്‍ രാവിലെ 8.30 ന് വി. കുര്‍ബ്ബാന അര്‍പ്പിക്കും. ഞായറാഴ്ച പാത്രിയര്‍ക്കാസെന്ററിലെ കത്തീഡ്രല്‍ ദൈവാലയത്തില്‍ അഭി. മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. വൈകീട്ട് 3.30 ന് യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്താമാരുമായി പരി. പാത്രിയര്‍ക്കീസ് ബാവാ കൂടിക്കാഴ്ച നടത്തുന്നു.

പള്ളിക്കര, കരിങ്ങാച്ചിറ, മുളന്തുരുത്തി, കോലഞ്ചേരി മേഖലകളില്‍ നിന്ന് ആരംഭിക്കുന്ന തീര്‍ത്ഥയാത്ര വൈകീട്ട് 5.30 ന് ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ എത്തിച്ചേരും. തുടര്‍ന്ന് 6.00 മണിയ്ക്ക്  പരി. പാത്രിയര്‍ക്കീസ് ബാവായുടെയും അഭി. മെത്രാപ്പോലീത്തന്മാരുടേയും  നേതൃത്വത്തില്‍ സന്ധ്യാനമസ്‌ക്കാരം നടത്തപ്പെടും.

ശ്രേഷ്ഠ ബാവായുടെ 40-ാം ഓര്‍മ്മദിനമായ ഡിസംബര്‍ 9-ാം തീയതി തിങ്കളാഴ്ച രാവിലെ 7.00 മണിക്ക് പാത്രിയര്‍ക്കാസെന്ററില്‍ നിന്ന് പരി. പാത്രിയര്‍ക്കീസ് ബാവായേയും, അഭി. പിതാക്കന്മാരേയും  സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് ആനയിക്കും. 7.30 ന് പ്രഭാത പ്രാര്‍ത്ഥനയും, 8.30 ന്  പരി. പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബ്ബാനയും നടത്തപ്പെടും.  തുടര്‍ന്ന് നടക്കുന്ന ശ്രേഷ്ഠ ബാവായുടെ അനുസ്മരണ യോഗത്തില്‍ പരി. പാത്രിയര്‍ക്കീസ് ബാവാ മുഖ്യ പ്രഭാഷണം നടത്തും. മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് വരുന്ന എല്ലാവര്‍ക്കുമായി  വിരുന്നൊരുക്കും.

ഡിസംബര്‍ 10-ാം തീയതി ചൊവ്വാഴ്ച പരി. മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന മഞ്ഞനിക്കര ദയറായിലേക്ക് പോകുന്ന പരി. പിതാവ് 16-ാം തീയതി വരെ അവിടെ ചിലവഴിക്കും. 17-ാം തീയതി പരി. പിതാവും , പിതാവിനോടൊപ്പം എത്തിച്ചേര്‍ന്ന മോര്‍ ക്ലീമിസ് ഡാനിയേല്‍ മെത്രാപ്പോലീത്ത, മോര്‍ ജോസഫ് ബാലി മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി മര്‍ക്കോസ് മോര്‍ ക്രിസ്റ്റഫോറോസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറി മോര്‍ ഔഗേന്‍ അല്‍ഖൂറി അല്‍ക്കാസ് മെത്രാപ്പോലീത്ത എന്നിവര്‍  മലങ്കര സന്ദര്‍ശനം പൂര്‍ത്തിയാക്കി ലബനോനിലേക്ക് മടങ്ങും.

  • Related Posts

    എം.ടി. വാസുദേവൻ നായർ : മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭ – മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭയായ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുശോചിച്ചു. മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും…

    അഖില മലങ്കര സുവിശേഷ മഹായോഗം പുത്തൻകുരിശിൽ ഇന്ന് ആരംഭിക്കും

    പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ യോഗം സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ ഇന്ന് ആരംഭിക്കും. ഡിസംബർ 31 വരെയാണ് സുവിശേഷ യോഗം നടക്കുക. എല്ലാ ദിവസവും വൈകിട്ട് 5:30…