പുത്തന്‍കുരിശ് ● ആധുനിക കാലഘട്ടത്തില്‍ യാക്കോബായ സുറിയാനി സഭയെ പ്രതിസന്ധികളില്‍ നിന്നും വീണ്ടെടുക്കുവാന്‍ ആഹോരാത്രം കഠിനാദ്ധ്വാനം ചെയ്ത മഹാ പ്രധാനാചാര്യനായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവായെന്നും, പരി. അന്ത്യോഖ്യാ സിംഹാസനം പകര്‍ന്ന് നല്‍കിയ സത്യവിശ്വാസത്തെ കണ്ണിലെ കൃഷ്ണമണിപോല്‍ കാത്തുപരിപാലിക്കുവാന്‍ ഏറെ ത്യാഗം സഹിച്ച അന്ത്യോഖ്യാ സിംഹാസനത്തിന്റെ അനുഗ്രഹീത ശ്രേഷ്ഠാചാര്യനായിരുന്നു ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായെന്നും പരി. പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. പരി. സിംഹാസനം ശ്രേഷ്ഠ ബാവായ്ക്ക് ‘യാക്കോബ് ബുര്‍ദ്ദാന’ എന്ന നാമധേയം നല്‍കിയത് അതുകൊണ്ടാണെന്നും പരി. പിതാവ് കൂട്ടിചേര്‍ത്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 40-ാം ഓര്‍മ്മദിനത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ച ശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പരി. പാത്രിയര്‍ക്കീസ് ബാവാ. പരി. പാത്രിയര്‍ക്കീസ് ബാവായുടെ പ്രസംഗം അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പരിഭാഷപ്പെടുത്തി.
ആമുഖ പ്രസംഗത്തില്‍ തന്നെ വഴി നടത്തിയ പിതാവായിരുന്നു ശ്രേഷ്ഠ ബാവാ എന്നും വിശ്വാസി ഹൃദയങ്ങളിലേയും പൊതു സമൂഹത്തിന്റേയും ഇടയില്‍ ബാവായ്ക്കുണ്ടായിരുന്ന സ്ഥാനം ആണ് ബാവാ കാലം ചെയ്ത സമയത്തും, കബറടക്ക ശുശ്രൂഷയിലും തുടര്‍ന്ന് ഈ 40 ദിവസങ്ങള്‍ വരെ തുടര്‍ച്ചയായി നടന്ന വി. കുര്‍ബ്ബാനയിലേയും ശുശ്രൂഷകളിലേയും, ഇന്നു നടക്കുന്ന ഈ 40-ാം ഓര്‍മ്മദിന പരിപാടിയിലേയും വിശ്വാസികളുടെ പങ്കാളിത്തം എന്നും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കേറ്റ് അസിസ്റ്റന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി പറഞ്ഞു.
രാവിലെ പാത്രിയര്‍ക്കാസെന്ററില്‍ നിന്നും സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ വി. ഗ്രന്ഥവും, സഭാട്രസ്റ്റി കമാണ്ടര്‍ തമ്പുജോര്‍ജ്ജ് തുകലന്‍ വി. സ്ലീബായും, സഭ സെക്രട്ടറി ജേക്കബ് സി. മാത്യു പാത്രിയര്‍ക്കാ പതാകയും ഏന്തി വര്‍ക്കിംഗ് കമ്മറ്റിയംഗങ്ങളോടൊപ്പം പരി. പാത്രിയര്‍ക്കീസ് ബാവായേയും, സഭയിലെ അഭിവന്ദ്യരായ തിരുമേനിമാരേയും ദൈവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. പുതുതായി നിര്‍മ്മിച്ച കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തിയശേഷം വി. കുര്‍ബ്ബാന അര്‍പ്പിച്ചു. മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, അഭി. എബ്രഹാം മോര്‍ സേവേറിയോസ്, പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. തോമസ് മോര്‍ തീമോത്തിയോസ്, അഭി. മാത്യൂസ് മോര്‍ ഈവാനിയോസ്, പാത്രിയര്‍ക്കീസ് ബാവായുടെ കൂടെ വന്ന, മോര്‍ ക്ലീമിസ് ഡാനിയേല്‍ മെത്രാപ്പോലീത്ത, മോര്‍ ജോസഫ് ബാലി മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി മര്‍ക്കോസ് മോര്‍ ക്രിസ്റ്റഫോറോസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പത്മശ്രീ എം.എ. യൂസഫലി ശ്രേഷ്ഠ ബാവായെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. മതങ്ങളുടെ പേരിലും മതങ്ങള്‍ക്കുള്ളിലും നമ്മുടെ ലോകത്തുണ്ടാകുന്ന ഭിന്നതകള്‍ സമൂഹത്തില്‍ അസമാധാനവും ആശങ്കയും ഉളവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രേഷ്ഠ ബാവാ വളരെ എളിമയോടു കൂടി ക്രൈസ്തവ സമൂഹത്തെ മാത്രമല്ല ഇതര ജനവിഭാഗങ്ങളെ പരിപാലിക്കുകയും, അവരുടെ മനസ്സുകളില്‍ സ്ഥാനം നേടുകയും ചെയ്ത വലിയ പിതാവായിരുന്നു എന്നും അദ്ദേഹം പഠിപ്പിച്ച് തന്ന മാതൃകകള്‍ തനിക്കും പാഠമാണെന്നും ശ്രീ. യൂസഫലി എടുത്തു പറഞ്ഞു.
തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് ശ്രേഷ്ഠ ബാവായുടെ ജീവചരിത്രം അടങ്ങുന്ന 3 വാല്യങ്ങളുള്ള മലങ്കരയുടെ യാക്കോബ് ബുര്‍ദ്ദാന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും സഭാ വര്‍ക്കിംഗ് കമ്മറ്റി മാനേജിംഗ് കമ്മറ്റിയംഗങ്ങളുടേയും വിശദാംശങ്ങള്‍ അടങ്ങിയ ഡയറക്ടറിയും പ്രകാശനം ചെയ്തു. ശ്രേഷ്ഠ ബാവായുടെ ജീവിത നാള്‍ വഴികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ‘മിസ്പ’ മാര്‍ ബസേലിയോസ് തോമസ് ക ഡിജിറ്റല്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.
വി. കുര്‍ബ്ബാനയിലും അനുസ്മരണത്തിലും പരി. സഭയിലെ അഭിവന്ദ്യരായ തിരുമേനിമാരും, ശ്രീ. ബെന്നി ബഹനാന്‍ എം.പി., മുന്‍ മന്ത്രി ശ്രീ. എസ്. ശര്‍മ്മ, എം.എല്‍.എ.മാരായ ശ്രീ. പി.വി. ശ്രീനിജന്‍, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, മാത്യു കുഴല്‍നാടന്‍, റോജി എം. ജോണ്‍ വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, വന്ദ്യ റമ്പാച്ചന്മാരും, ബഹു. വൈദീകരും, ബഹു. സിസ്റ്റേഴ്‌സും, സഭാ ഭാരവാഹികളും, പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. 40-ാം ഓര്‍മ്മദിനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും 32 കൗണ്ടറുകളായി സദ്യ നല്‍കുകയുണ്ടായി.
ശ്രേഷ്ഠ ബാവായുടെ കരുതലിന്റെ തണലില്‍ താല്‍ക്കാലീകമായി നഷ്‌പ്പെട്ട
11 ദൈവാലയങ്ങള്‍ക്ക് ഒരു ലക്ഷം രൂപാ വീതം നല്‍കി
പുത്തന്‍കുരിശ് ● പീഡനങ്ങളുടെ നടുവില്‍ യാക്കോബായ സുറിയാനി സഭയെ കരുതലോടെ നയിച്ച മഹാ ഇടയന്‍ തന്റെ കാലത്ത് 2017 ന് ശേഷം താല്‍ക്കാലീകമായി നഷ്ടപ്പെട്ട് കഷ്ടതകളിലൂടെ കടന്നുപോകുന്ന പള്ളികളേയും വിശ്വാസികളേയും സംരക്ഷിക്കണമെന്നും തന്റെ കൈയ്യിലുള്ള സമ്പാദ്യവും തന്റെ വാഹനവും വിറ്റ് കിട്ടുന്ന തുക മുഴുവന്‍ അത്തരത്തിലുള്ള പള്ളികള്‍ക്കായി നല്‍കണമെന്ന ബാവായുടെ വില്‍പത്രത്തിലെ ആഗ്രഹ പൂര്‍ത്തീകരണം 40-ാം ഓര്‍മ്മദിനത്തില്‍ ആദ്യപടിയായി നിറവേറ്റി. താല്‍ക്കാലീകമായി നഷ്ടപ്പെട്ട മുഴുവന്‍ പള്ളികള്‍ക്കും നല്‍കുന്നതിന്റെ പ്രാരംഭമായി 11 പള്ളികള്‍ക്ക് 1 ലക്ഷം രൂപാ വീതം ഇന്ന് പരി. പാത്രിയര്‍ക്കീസ് ബാവാ നല്‍കി. അങ്കമാലി ഭദ്രാസനത്തിലെ അങ്കമാലി മേഖലയില്‍പ്പെട്ട പഴന്തോട്ടം സെന്റ് മേരീസ് പള്ളി, പെരുമ്പാവൂര്‍ മേഖലയില്‍പ്പെട്ട പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ കത്തീഡ്രല്‍, മുവാറ്റുപുഴ മേഖലയില്‍പ്പെട്ട മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളി, കണ്ടനാട് ഭദ്രാസനത്തിലെ പിറവം രാജാധിരാജാ സെന്റ് മേരീസ് കത്തീഡ്രല്‍, പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളി, വരിക്കോലി സെന്റ് മേരീസ് പള്ളി, കൊച്ചി ഭദ്രാസനത്തിലെ മുളന്തുരുത്തി മര്‍ത്തോമന്‍ കത്തീഡ്രല്‍, കോട്ടയം ഭദ്രാസനത്തിലെ തിരുവാര്‍പ്പ് – മര്‍ത്തശ്മൂനി പള്ളി കൊല്ലം ഭദ്രാസനത്തിലെ കട്ടച്ചിറ- സെന്റ് മേരീസ് പള്ളി, നിരണം ഭദ്രാസനത്തിലെ മേപ്രാല്‍- സെന്റ് ജോണ്‍സ് പള്ളി, തൃശ്ശൂര്‍ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളി എന്നീ പള്ളികള്‍ക്കാണ് തുക കൈമാറിയത്. ഭാഗ്യസ്മരണാര്‍ഹനായ തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ ശുശ്രൂഷയെ പരി. പാത്രിയര്‍ക്കീസ് ബാവാ അനുമോദിച്ചു.
ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണം : പരി. പാത്രിയര്‍ക്കീസ് ബാവാ
പുത്തന്‍കുരിശ് ● ലോകം വലിയ വെല്ലുവിളികളെ നേരിടുകയാണെന്നും, സഹിഷ്ണുതയും സഹവര്‍ത്തിത്വവും നഷ്ടപ്പെട്ട ഇന്നത്തെ കാലഘട്ടത്തില്‍ സമാധാനം ആവശ്യമാണെന്നും പ്രത്യേകിച്ച് സിറിയായിലെ ജനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പരി. പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. യുദ്ധങ്ങളും, യുദ്ധകാഹളങ്ങളും നമ്മുടെ ലോക സമാധാനം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ ലോക സമാധാനത്തിനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കണമെന്നും പരി. പാത്രിയര്‍ക്കീസ് ബാവാ വിശ്വാസി സമൂഹത്തോട് ആവശ്യപ്പെട്ടു.
സിറിയായിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഡിസംബര്‍ 17 വരെയുള്ള തന്റെ ഭാരത സന്ദര്‍ശനം വെട്ടിച്ചുരുക്കി ചൊവ്വാഴ്ച രാവിലെ 9.50 ന് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും മടങ്ങുമെന്നും പരി. ബാവാ പറഞ്ഞു.