പുത്തന്‍കുരിശ് ● സിറിയായിലെ സ്ഥിതി ഗതികള്‍ കലുഷിതമായിരിക്കുന്ന സാഹചര്യത്തില്‍ അവിടുത്തെ സഭാ മക്കളോടൊപ്പം ആയിരിപ്പാന്‍ മലങ്കരയിലെ അപ്പോസ്തോലിക സന്ദര്‍ശനം വെട്ടിച്ചുരുക്കി സിറിയായിലേക്ക് യാത്ര തിരിച്ച ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ സുരക്ഷിതമായി ദമാസ്ക്കസില്‍ എത്തിച്ചേര്‍ന്നു.
ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട പരിശുദ്ധ ബാവ ദുബായ് വഴി ലബനോനില്‍ എത്തിച്ചേരുകയും അവിടെ നിന്ന് റോഡു മാര്‍ഗം ഇന്ന് ഉച്ചയ്ക്ക് 12.00 മണിയോടെയാണ് ദമാസ്ക്കസില്‍ എത്തിച്ചേര്‍ന്നത്.
ഇപ്പോള്‍ ദമാസ്ക്കസിലെ സ്ഥിതിഗതികള്‍ ശാന്തമായിരിക്കുന്നതായി പരി. പിതാവ് അറിയിച്ചു. തന്റെ സന്ദര്‍ശന വേളയില്‍ മലങ്കര സഭാ മക്കളും, കേരള ജനത മുഴുവനും, ഭാരതവും നല്കിയ സ്നേഹത്തിനും ഊഷ്മളമായ സ്വീകരണത്തിനും പരി. പാത്രിയര്‍ക്കീസ് ബാവ നന്ദി പറഞ്ഞു. സിറിയായിലെയും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെയും ജനങ്ങളെ തുടര്‍ന്നും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് പരി. പിതാവ് അറിയിച്ചു.