ദൈവിക നീതിയും സത്യവും നീർച്ചാലുകൾ പോലെ സഭയിലേക്കൊഴുകണം : അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത

പുത്തന്‍കുരിശ് ● ദൈവിക നീതിയും സത്യവും നീർച്ചാലുകൾ പോലെ സഭയിലേക്കൊഴുകേണ്ടത് സഭാ വിശ്വാസികളിലൂടെയാണെന്ന് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കുന്ന 35-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ രണ്ടാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത.

വ്യക്തിപരമായി നാം ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ധർമ്മവും നീതിയും സത്യവും ഇല്ലാത്ത ആചാരാനുഷ്‌ഠാനങ്ങളിൽ ദൈവം ഒരിക്കലും സംപ്രീതനാകില്ലന്ന് അദ്ദേഹം വിശ്വാസ സമൂഹത്തെ ഓർമ്മപ്പെടുത്തി. ഹൃദയത്തിൽ നിന്നുണ്ടാകാത്ത ആചാരാനുഷ്‌ഠാനങ്ങളോട് ദൈവത്തിന് വെറുപ്പാണ്.

പ്രാർത്ഥനയും പ്രവർത്തിയും തമ്മിൽ പൊരുത്തമില്ലെങ്കിൽ ദൈവം മുഖം തിരിക്കുമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. മനുഷ്യരിലേക്ക് ദൈവം തന്ന നീർച്ചാലുകൾ മനുഷ്യൻ തന്നെ അടച്ചുവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദൈവം മനുഷ്യന്റെ ഹൃദയ വിശുദ്ധിയാണ് നോക്കുന്നത്. മനുഷ്യത്വം വറ്റി വരണ്ട ഇടങ്ങളിൽ നീതിയും ന്യായവും എത്തിക്കാൻ വിശ്വാസികൾ തയാറാകണമെന്നും മെത്രാപ്പൊലീത്ത ഉദ്ബോധിപ്പിച്ചു.

ഹൈറേഞ്ച് മേഖലിയിലെ ഫാ. മാത്യൂസ് കാട്ടിപ്പറമ്പിൽ മുഖ്യ സന്ദേശം നൽകി. മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ജോർജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ എന്നിവർ പ്രസംഗിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ സേവേറിയോസ് എബ്രാഹാം, മോർ ഈവാനിയോസ് മാത്യൂസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ സ്തേഫാനോസ് ഗീവർഗീസ് എന്നിവരും സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ അല്‍മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും സംബന്ധിച്ചു.

സുവിശേഷ സംഘം ഭാരവാഹികളായ വൈസ് പ്രസിഡന്റ്‌ വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ എന്നിവർ പങ്കെടുത്തു. സന്ധ്യാപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ ‘കേനോറൊ’ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. “ന്യായം വെള്ളം പോലെയും, നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു” (ആമോസ് 5:24) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

ഇന്ന് ഡിസംബർ 28 ശനി ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ അഖില മലങ്കര മർത്തമറിയം വനിതാസമാജം സംഗമം നടക്കും. വൈകിട്ട് നടക്കുന്ന സുവിശേഷ യോഗത്തിൽ കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശവും നൽകും. ഡിസംബർ 31 ന് സമാപിക്കുന്ന സുവിശേഷ യോഗത്തിൽ ദിവസവും ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കബറടങ്ങിയിരിക്കുന്ന പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 7 ന് വിശുദ്ധ കുർബ്ബാനയും വൈകിട്ട് 5.30 ന് സന്ധ്യാപ്രാർത്ഥനയും നടക്കും.

  • Related Posts

    പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

    പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…