മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം, കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന “മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹം” എന്ന അറിയപ്പെട്ടിരുന്ന പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 69-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 18 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു.
സമാനതകലില്ലാത്ത പ്രതിസന്ധി ഘട്ടത്തിൽ മലങ്കര യാക്കോബായ സുറിയാനി സഭയെ സധൈര്യം നയിച്ച മെത്രാപ്പോലീത്തമാരിൽ ഒരാളായിരുന്നു മിഖായേൽ മോർ ദിവന്നാസിയോസ് തിരുമേനി. കായംകുളം ആലുംമൂട്ടിൽ ജോൺ ഉപദേശിയുടെ മകനായി 1880-ൽ (ഇടവം 15) അദ്ദേഹം ജനിച്ചു. മിഖായേലിന് 18 വയസ്സുള്ളപ്പോൾ, മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അദ്ദേഹത്തിനു 1073 ധനു മാസം 25 ന് “കോറൂയോ” പട്ടം നൽകി. തുടർന്ന് കോട്ടയം എം.ഡി സെമിനാരിയിലും പഴയ സെമിനാരിയിലും അദ്ദേഹം വിദ്യാഭ്യാസം തുടർന്നു. വിശുദ്ധ പരുമല ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്ന് “യൗഫദിക്കിനോ” പട്ടവും മോർ ദിവന്നാസിയോസ് അഞ്ചാമിൽ നിന്നു “ശംശോനോ” പട്ടവും 1910 ചിങ്ങം 15ന് വട്ടശ്ശേരിൽ ഗീവർഗീസ് മോർ ദിവന്നാസിയോസിൽ നിന്നും വൈദിക പട്ടവും സ്വീകരിച്ചു.
കായംകുളം ടൗൺ ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയിലും, ശ്രീമൂലം പ്രജാസഭയിലും വന്ദ്യ മിഖായേൽ കശീശ്ശാ അംഗമായിരുന്നു.മലങ്കര സഭയിൽ ഭിന്നത രൂക്ഷമായപ്പോൾ, വട്ടശ്ശേരിൽ മോർ ദിവന്നാസിയോസുമായി വേർപിരിഞ്ഞ പരിശുദ്ധ അന്ത്യോഖ്യ പാത്രിയാർക്കീസിനോടുള്ള വിശ്വസ്തതയിൽ അദ്ദേഹം ഉറച്ചുനിന്നു. 1927 സെപ്തംബറിൽ യെരുശലേമിലെ വിശുദ്ധ മർക്കോസിന്റെ നാമത്തിൽ ഉള്ള ദൈവാലയത്തിൽ വെച്ച് പരിശുദ്ധ അന്ത്യോക്യ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമൻ ബാവാ അദ്ദേഹത്തെ “മോർ ദിവന്നാസിയോസ്” എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. തന്റെ സ്വത്തുക്കളിൽ ഭൂരിഭാഗവും ദരിദ്രർക്ക് ദാനമായി അദ്ദേഹം നൽകി. വളരെ ലളിതമായ ഒരു ജീവിതമാണ് പുണ്യ പിതാവു നയിച്ചിരുന്നത്.
1956 ജനുവരി 18-ന് കാലം ചെയ്യുകയും കോട്ടയം പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടക്കപ്പെടുകയും ചെയ്‌തു.