ജനുവരി 24 : പുണ്യശ്ലോകനായ യാക്കോബ് മോർ യുലിയോസ്‌ മെത്രാപ്പോലീത്തയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ (1912-1992)

മഞ്ഞിനിക്കരയിൽ വിശുദ്ധ മോറാന്റെ കബറിങ്കൽ അരനൂറ്റാണ്ടുകാലം ശുശ്രൂഷിക്കാൻ മഹാഭാഗ്യം ലഭിച്ച, താപസ ശ്രേഷ്ഠനായ പുണ്യശ്ലോകനായ യാക്കോബ് മോർ യൂലിയോസ് മെത്രാപ്പോലിത്തായുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 24 ന് ആചരിക്കുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയായും, മഞ്ഞിനിക്കര ദയറാധിപനുമായിരുന്നു തിരുമേനി 1912 ഡിസംബർ 27 ന് പാമ്പാടി ഈസ്റ്റ്‌ സെന്റ് മേരീസ്‌ പള്ളി ഇടവകയിൽ മാടപ്പാട്ട് ചാക്കോ- അന്ന ദമ്പതികളുടെ മകനായി ജനിച്ചു. ചെറിയ പ്രായത്തിൽ തന്നേ ആത്മീയ കാര്യങ്ങളിൽ തീഷ്ണതയുണ്ടായിരുന്ന തിരുമേനി തന്റെ യൗവന ആരംഭത്തിൽ തന്നെ ദൈവവിളി തിരിച്ചറിഞ്ഞു കൊണ്ട് പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്തു.

അഭി. മിഖായേൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ കല്പന പ്രകാരം ശർബിൽ ദയറായിൽ ചേർന്ന യൂലിയോസ് തിരുമേനി ബന്ധുവായ കൂട്ടുങ്കൽ ഗീവർഗീസ് റമ്പാൻ, കൊച്ചു പറമ്പിൽ ഗീവർഗീസ് റമ്പാൻ എന്നിവരുടെ കീഴിൽ വിദ്യാഭ്യാസം നടത്തി. പറയകുളത്ത് യാക്കോബ് മാർ തിമോത്തിയോസ്, തിരുമേനിയുടെ പിതൃസഹോദരി പുത്രൻ നരിമറ്റത്ത് യുഹാനോൻ മാർ സേവേറിയോസ്, ചിറത്തലാട്ട് ജോർജ് കോർ എപ്പിസ്കോപ്പ, ചിറപ്പുറത്ത് ജീസസ് കോർ എപ്പിസ്കോപ്പ എന്നിവരും അദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു.

ശർബിൽ ദയറായിൽ കൂടാതെ ഔഗേൻ മാർ തിമോത്തിയോസിന്റെ കീഴിൽ സുറിയാനി ഭാഷയിലും പ്രാവീണ്യം നേടി. 1942 മെയ്‌ 24 ന് മണർകാട് പള്ളിയിൽ വെച്ചു മിഖായേൽ മാർ ദിവന്നാസിയോസ് തിരുമേനിയിൽ നിന്ന് ശെമ്മാശു പട്ടവും 1945 ഓഗസ്റ്റ് 19 ചെങ്ങളം സെൻറ് തോമസ് പള്ളിയിൽ വെച്ചു വൈദിക പട്ടം സ്വീകരിച്ചു. യൂലിയോസ്‌ ബാവായുടെ കല്പന പ്രകാരം അദേഹത്തിന്റെ സെക്രട്ടറിയായും മഞ്ഞനിക്കര ദയറായിൽ മൽപ്പാനായും സേവനം അനുഷ്ഠിച്ചു. യൂലിയോസ്‌ ബാവ അഭി. തിരുമേനിക്ക് 1955 ജൂൺ 19 ന് റമ്പാൻ സ്ഥാനം നൽകി. പിതാക്കന്മാരിൽ നിന്ന് പഠിച്ച ആത്മീയ തീഷ്ണത, ലളിത ജീവിതം എന്നിവ തിരുമേനിയുടെ ജീവിത മുഖമുദ്ര ആയിരുന്നു.

മുടങ്ങാതെ പ്രാർഥന, നോമ്പ്, ജാഗരണം എന്നിവയിലൂടെ ആത്മീയ ചൈതന്യം നിറഞ്ഞ തിരുമേനി മറ്റ്‌ വൈദികർക്കും വിശ്വാസ സമൂഹത്തിനും മാതൃക ആയിരുന്നു. മഞ്ഞനിക്കര ദയറാ കൂടാതെ മലേകുരിശ് ദയറായിലും തിരുമേനി സേവനം അനുഷ്ഠിച്ചു. തിരുമേനിയുടെ ശിക്ഷ്യ ഗണത്തിൽ കാലം ചെയ്‌ത ശ്രേഷ്ഠ ബാവ, പെരുമ്പള്ളി തിരുമേനി, കോട്ടയിൽ ചെറിയാൻ മൽപ്പാൻ അച്ചൻ എന്നിവർ അടക്കം അനേക പിതാക്കന്മാരും വൈദിക ശ്രേഷ്ഠരും ഉണ്ട്.

1970 കളുടെ കാലത്ത് സഭയിൽ പ്രതിസന്ധികൾ വന്നപ്പോൾ സത്യ വിശ്വാസ സംരക്ഷണത്തിനു സഭാപിതാക്കന്മാരോടൊപ്പം യുലിയോസ്‌ തിരുമേനി മുന്നിട്ടിറങ്ങി. അഭി. കുര്യാക്കോസ് മാർ കൂറിലോസ് തിരുമേനിയുടെ പ്രവർത്തങ്ങളിൽ സഹായിക്കുകയും പോരാട്ടങ്ങൾക്ക് തന്നാലാവും വിധം ശക്തി പകരുകയും ചെയ്തു. മറുവിഭാഗം മഞ്ഞനിക്കര പള്ളി പിടിക്കാൻ വന്നപ്പോൾ അഖണ്ഡ പ്രാർഥനക്ക് നേതൃത്വം നൽകി. ഇങ്ങനെ, പ്രാർഥന കൊണ്ടും പ്രവർത്തനം കൊണ്ടും അഭി. തിരുമേനി സഭയെ യഥായോഗ്യം നയിച്ചു.

സ്ഥാനമോഹമില്ലാതിരുന്ന തിരുമേനി, സഭയുടെ സത്യ വിശ്വാസ സംരക്ഷണത്തെ പ്രതി മെത്രാൻ സ്ഥാനം സ്വീകരിച്ചു. 1975 ജൂൺ 12 പരിശുദ്ധ യാക്കോബ് തൃതീയൻ ബാവ യാക്കോബ് റമ്പാനെ ‘യാക്കോബ് മാർ യുലിയോസ്‌’ എന്ന പേരിൽ വാഴിച്ചു. അന്നേ ദിവസം അദ്ദേഹത്തോടൊപ്പം സ്ഥാനമേറ്റതാണ് തോമസ് മാർ ഒസ്താത്തിയോസ് തിരുമേനിയും.

മെത്രാൻ സ്ഥാനം ലഭിച്ചെങ്കിലും, ലളിതവും ആത്മിയ നിറവുള്ള ജീവിതം തിരുമേനി തുടർന്നു പോന്നു. ഒരിക്കലും ദയറായിലോ ദയറായുടെ പെരുന്നാളുകളിലോ ആഡംബരങ്ങൾ അദ്ദേഹം അനുവദിച്ചില്ല. തിരുമേനി സ്ഥാനം ഏറ്റ ശേഷം പുതിയ സിംഹാസന പള്ളികൾ സ്ഥാപിച്ചു. മഞ്ഞനിക്കര ദയറായുടെ വികസന പ്രവർത്തനങ്ങൾ നടത്തി ഒരു ഉത്തമ ഇടയനെ പോലെ വിശ്വാസ സമൂഹത്തെ ശുശ്രുഷിക്കുന്നതിനൊപ്പം, സഹായം തേടി വരുന്ന നാനാ ജാതി മതസ്ഥർക്ക് തന്നാൽ ആവും വിധം സഹായങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അഭി. തിരുമേനിയുടെ ശുശ്രുഷ കാലാവധി ഹൃസ്വമായിരുന്നെങ്കിലും ആ കാലയളവിൽ ദീർഘ വീക്ഷണത്തോടെ അദ്ദേഹം പ്രവർത്തിച്ചു.

സുറിയാനി, വേദ ശാസ്ത്രം എന്നിവയിൽ ആഴത്തിൽ അറിവുള്ള തിരുമേനി ബാർ എബ്രായയുടെ ഹൂദായ കാനോൻ, സുറിയാനി പ്രാർഥനകൾ, പ്രമിയോൻ സെദ്റ, മാർ ഔഗേന്റെ ജീവ ചരിത്രം, മാർ യുഹാനോൻ മാംദോനോയുടെ ജീവചരിത്രം, വിവാഹ കൂദാശയുടെ ശീമ ക്രമം എന്നിവ സുറിയാനിയിൽ നിന്ന് തർജ്ജ്മ ചെയ്തു.

1980 ൽ സഖാ പ്രഥമൻ ബാവായെ ബസേലിയോസ് പൗലോസ് 2 ബാവ വാഴിച്ചപ്പോൾ മറുവിഭാഗം പാത്രിയാർക്കീസ് – കാതോലിക്ക തുല്യ സ്ഥാനം എന്ന വാദം പറഞ്ഞപ്പോൾ തിരുമേനി അതിന്റെ കാനോനിക വശം വിശദികരിച്ചു. ക്ളീമിസിന്റെ പ്രാർഥന അത് പാത്രിയാർക്കീസ് ബാവായുടെ വാഴിക്കലിൽ മാത്രം ഉപയോഗിക്കുന്ന പ്രാർഥന എന്ന് തിരുമേനി പറഞ്ഞു. കാനോനിക വശം വിവരിച്ചപ്പോൾ മറുവിഭാഗത്തിന്റെ വാദത്തിന്റെ മുനയൊടിഞ്ഞു. തിരുമേനിയുടെ പാണ്ഡിത്യത്തെ മാനിച്ചു കൊണ്ട് പരിശുദ്ധ പാത്രിയർക്കീസ് ബാവ ‘ആത്മിയ ഗുരു ശ്രേഷ്ഠൻ’ എന്നർത്ഥമുള്ള ‘മശ്ബലനോ തോബോ’ എന്ന പദവി അദ്ദേഹത്തിന് സമ്മാനിച്ചു MJSSA യുടെ സജീവ പ്രവർത്തകൻ ആയിരുന്ന തിരുമേനി പിന്നീട് അതിന്റെ പ്രസിഡന്റ്‌ പദവിയും അലങ്കരിച്ചു. തിരുമേനിയുടെ അപേക്ഷ പ്രകാരം ബെന്യാമിൻ ജോസഫ് മാർ ഒസ്താത്തിയോസ് തിരുമേനിയെ സഹായിയായി പരിശുദ്ധ പാത്രിയാർക്കീസ് ബാവ വാഴിച്ചു നൽകി.

തിരുമേനിക്ക് ലഭിച്ച കുടുംബ സ്വത്ത് സഭയ്ക്ക് വേണ്ടി ഉപയോഗിച്ചു. കാഞ്ഞിരപ്പാറയിൽ നിന്ന് ലഭിച്ച സ്ഥലത്ത് തിരുമേനി മാർ ഇഗ്നാത്തിയോസ് നൂറോനോയുടെ നാമത്തിൽ ഒരു പള്ളി സ്ഥാപിച്ചു. 1992 ജനുവരി 24 ന് തന്റെ 79 ത്തെ വയസ്സിൽ തിരുമേനി കാലം ചെയ്തു. പിറ്റേന്ന് ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ മുഖ്യ കാർമികത്വത്തിലും മറ്റ്‌ പിതാക്കന്മാരുടെ സഹ കാർമികത്വത്തിലും മഞ്ഞനിക്കര ദയറായിൽ കബറടക്കി.

  • Related Posts

    പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

    പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…