ബെയ്റൂട്ട് ● ലെബനനിലെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ ജോസഫ് ഔൺനെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായും മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയും ബെയ്റൂട്ടിലെ പ്രസിഡൻഷ്യൽ പാലസിൽ സന്ദർശിച്ച് പ്രാർത്ഥനാശംസകൾ നേർന്നു.
അഭിവന്ദ്യരായ മോർ ജസ്റ്റിനസ് ബൗലോസ് സഫർ മെത്രാപ്പോലീത്ത, മോർ ക്ലെമിസ് ഡാനിയേൽ കൂറി മെത്രാപ്പോലീത്ത, മോർ ക്രിസോസ്റ്റമോസ് മിഖായേൽ മെത്രാപ്പോലീത്ത, മോർ തിമോത്തിയോസ് മത്ത അൽ-ഖൗറി മെത്രാപ്പോലീത്ത, മോർ സേവേറിയോസ് റോജർ അഖ്രാസ് മെത്രാപ്പോലീത്ത, മോർ സിറിൽ ബാബി മെത്രാപ്പോലീത്ത, മോർ ക്രിസ്റ്റഫോറോസ് മർക്കോസ് മെത്രാപ്പോലീത്ത, മോർ ആൻഡ്രാവോസ് ബാഹി മെത്രാപ്പോലീത്ത എന്നിവരും പരിശുദ്ധ പിതാവിനോടൊപ്പം ഉണ്ടായിരുന്നു.
പുതിയ പ്രസിഡന്റിനെ പരിശുദ്ധ ബാവായും മലങ്കര മെത്രാപ്പോലീത്തയും അഭിനന്ദിച്ചു. പുതിയ ഭരണപരമായ നേതൃത്വത്തിലൂടെ രാജ്യത്തെ വളർച്ചയിലേക്കും വികസനത്തിലേക്കും നയിക്കുവാൻ പരിശുദ്ധ പിതാവ് ആശംസകൾ നേർന്നു. ലെബനൻ ജനതയ്ക്ക് നല്ല ജീവിത നിലവാരത്തിൽ പൂർണ്ണ അവകാശങ്ങളും അന്തസ്സും ആസ്വദിക്കുവാൻ സാധിക്കട്ടെയെന്ന് പരിശുദ്ധ ബാവ പറഞ്ഞു. സിറിയൻ ഓർത്തഡോക്സ് സഭയെക്കുറിച്ചും ലെബനനിൽ അതിന്റെ മുൻനിര പങ്കിനെക്കുറിച്ചും സംസാരിച്ച പരിശുദ്ധ ബാവ രാജ്യത്തിന്റെ നന്മയ്ക്കും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുമെന്ന് സന്ദർശനത്തിൽ അറിയിച്ചു.