മണീട് പള്ളിപ്പെരുന്നാളിന് തുടക്കമായി

മണീട് ● ‘രണ്ടാം മഞ്ഞിനിക്കര’ എന്നറിയപ്പെടുന്ന കണ്ടനാട് ഭദ്രാസനത്തിലെ മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രധാനപ്പെരുന്നാൾ, പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാമത് ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു.

ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഫെബ്രുവരി 2 ഞായർ നടന്ന വി. മൂന്നിന്മേൽ കുർബ്ബാനാനന്തരം വികാരി ഫാ. ജേക്കബ്ബ് കാട്ടുപ്പാടത്ത് കൊടി ഉയർത്തി. സഹവികാരി ഫാ. ജേക്കബ്ബ് കൂളിയാട്ട്, ഫാ. എൽദോസ് പോളി മേപ്പുറത്ത്, ട്രസ്റ്റിമാരായ സണ്ണി സ്കറിയ ചളക്കാട്ട്, ടി.എ. ജോർജ് തൊമ്മൻകുടിയിൽ തുടങ്ങിയവർ സംബന്ധിച്ചു. വൈകിട്ട് 5.30 ന് സന്ധ്യാപ്രാർത്ഥന, ഭക്തസംഘടനകളുടെ സംയുക്ത വാർഷികം എന്നിവ നടത്തപ്പെട്ടു.

പെരുന്നാൾ ദിവസമായ ഫെബ്രുവരി 3 തിങ്കൾ രാവിലെ 7 ന് പ്രഭാതപ്രാർത്ഥന, 7.30 ന് പരിശുദ്ധ ബാവായുടെ കബറിങ്കൽ വി. കുർബ്ബാന, വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥന, 7 ന് പ്രദക്ഷിണം, ആശീർവ്വാദം, അത്താഴവിരുന്ന് എന്നിവ നടക്കും.

പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 4 ചൊവ്വ രാവിലെ 7.30 ന് പ്രഭാതപ്രാർത്ഥന, 8.30 ന് ഇസ്രയേൽ, സൗദി ഭദ്രാസനങ്ങളുടെ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി. ഏഴിന്മേൽ കുർബ്ബാന, ഉച്ചയ്ക്ക് 11 ന് നേർച്ചസദ്യ, 1 മണിക്ക് വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന മഞ്ഞിനിക്കര തീർത്ഥയാത്രകൾക്ക് സ്വീകരണം എന്നിവ ഉണ്ടാകും.

ഉച്ചയ്ക്ക് 2.30 ന് വി. മോറാന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി തീർത്ഥയാത്ര പതാക, കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ആശിർവ്വദിച്ച് കോ- കോർഡിനേറ്റർ ഇ.സി. രാജു ഇല്ലിമൂട്ടിലിനെ ഏൽപ്പിക്കും. തുടർന്ന് പതിവായി നടത്തി വരുന്ന 93 ആചാരവെടികൾക്ക് ശേഷം പ്രദക്ഷിണത്തോടൊപ്പം തീർത്ഥയാത്ര പുറപ്പെട്ട് മണീട് ചാപ്പലിലെത്തി ധൂപപ്രാർത്ഥന നടത്തി മഞ്ഞിനിക്കര യാത്ര തുടരും. പ്രദക്ഷിണം തിരികെ പള്ളിയിലെത്തി ആശീർവ്വാദത്തോടെ പെരുന്നാൾ സമാപിക്കും.

പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…