
പരിശുദ്ധ സുറിയാനി സഭയുടെ സൂര്യ തേജസ്സും സമാധാനത്തിന്റെ സന്ദേശ വാഹകനും മഞ്ഞിനിക്കരയുടെ അസ്തമിക്കാത്ത സൂര്യനും നാനാജാതി മതസ്ഥർക്കു അഭയകേന്ദ്രവുമായിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാമത് ദുഃഖ്റോനോ പെരുന്നാൾ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലും പുണ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിലും ഭകത്യാദരവോടെ 2025 ഫെബ്രുവരി 8 ശനിയാഴ്ച കൊണ്ടാടുന്നു.
പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവ 1867 ഒക്ടോബർ 13-ാം തീയതി മർദ്ദീനിൽ ജനിച്ചു. ഷാക്കീർ കുടുംബത്തിൽ വന്ദ്യ ഏബ്രഹാം കോറെപ്പിസ്കോപ്പായുടേയും മറിയാമിന്റെയും രണ്ടാമത്തെ മകനായി ജനിച്ച ബാവ, നാസിറി (ജയാളി) എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത് (John, 1982).
1887-ൽ (20 വയസ്സുള്ളപ്പോൾ) പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു. പിന്നീട് ഏലിയാസ് എന്ന പേരിൽ അറിയപ്പെട്ടു. 1888-ൽ ഏലിയാസ് ശെമ്മാശനെ ശർവോയൊ റമ്പാനാക്കി. തുടർന്ന് അന്ത്യോഖ്യാ സിംഹാസന ആസ്ഥാനമായ കുർക്കുമ ദയറായിൽ താമസിച്ച് പഠനം പൂർത്തിയാക്കി. 1892-ൽ പരിശുദ്ധ പത്രോസ് തൃതീയൻ ബാവായിൽ നിന്ന് കശീശ്ശാ പട്ടം സ്വീകരിച്ചു.
അന്നത്തെ തുർക്കി ഗവൺമെന്റ് അർമ്മേനിയൻ ക്രിസ്ത്യാനികളെ പിഢിപ്പിച്ചു കൊണ്ടിരുന്നപ്പോൾ, ഏഴായിരത്തിലധികം അർമ്മേനിയൻ ക്രിസ്ത്യാനികൾക്ക് വി. കുര്യാക്കോസിന്റെ ദയറായിൽ അഭയം നൽകിയത് ഏലിയാസ് കശ്ശീശയായിരുന്നു. അർമ്മേനിയൻ ക്രിസ്ത്യാനികൾക്കു ചെയ്തു കൊടുത്ത സഹായങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു.
41 വയസ്സുള്ളപ്പോൾ (1908-ൽ) പരിശുദ്ധ അബ്ദുള്ള രണ്ടാമൻ പാത്രിയർക്കീസ് ബാവ ഏലിയാസ് കശ്ശീശായെ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. മോർ ഈവാനിയോസ് ഏലിയാസ് ബാവ ഡയർബക്കർ ഭദ്രാസനത്തിന്റെ ചുമതലകൾ (1908-1911) നിർവ്വഹിച്ചു. (ആർത്താറ്റ് കുന്നംകുളം സിംഹാസനപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഒസ്താത്തിയോസ് സ്ലീബാ ബാവ, ഈവാനിയോസ് മെത്രാപ്പോലീത്തായോടൊപ്പമാണ് പട്ടമേറ്റത്)
1915-ൽ നവംബർ 26-ാം തീയതി അബ്ദുള്ള ദ്വിതീയൻ പാത്രിയർക്കീസ് ബാവ കാലം ചെയ്തതിനെ തുടർന്ന് മോർ ഈവാനിയോസ് ഏലിയാസ് മെത്രാപ്പോലീത്താ പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. 1917-ൽ പാത്രിയർക്കാസ്ഥാനാരോഹണം നടന്നു. തുർക്കി സുൽത്താനായ മുഹമ്മദ് റഷീദ്, പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായ്ക്ക് ഫർമാൻ (അധികാരപത്രം) കൊടുത്തു.
പരിശുദ്ധ ബാവാ യെരുശലേമിൽ ഒരു മുദ്രാലയം സ്ഥാപിക്കുകയും അവിടെ നിന്ന് അറബിയിലും സുറിയാനി യിലും മാസികകളും, ആഴ്ചപ്പതിപ്പുകളും പ്രസിദ്ധീകരിക്കുന്നതിന് ആരംഭിക്കുകയും ചെയ്തു. 1923-ൽ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായെ (അന്ത്യോഖ്യാ സിംഹാസന പ്രതിനിധി) വാഴിച്ചു. 1927-ൽ (നവംബർ 11) മലങ്കരസഭയ്ക്കുവേണ്ടി പരിശുദ്ധ ബാവാ വാഴിച്ച മെത്രാപ്പോലീത്തന്മാരാണ് ക്നാനായ സമുദായത്തിന്റെ മോർ ദീയസ്കോറോസ് തോമസ്, മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹമെന്നറിയപ്പെട്ട പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് എന്നിവർ.
ഹൃദ്രോഗബാധിതനായിരുന്ന പരിശുദ്ധ ബാവാ ഇൻഡ്യയിലേക്ക് യാത്ര ചെയ്യുന്നത് അഭിലഷണീയമല്ലെന്ന് ഡോക്ടർമാർ ഉപദേശിച്ചു. 75 വയസ്സുണ്ടായിരുന്ന മൂത്ത സഹോദരിയും പരിശുദ്ധ ബാവ യാത്ര ചെയ്യരുതെന്ന് കണ്ണീരോടെ അപേക്ഷിച്ചു. പരിശുദ്ധ ബാവയുടെ മറുപടി ശ്രദ്ധേയമായിരുന്നു. “നാം ഇവിടെ തന്നെ മരിച്ചാലും ഒരു ദിവസം മരിക്കും. നാം ഇൻഡ്യയിലായിരിക്കുമ്പോൾ മരിച്ചെന്നു വരാം. നാം മലങ്കരയിലെ നമ്മുടെ മക്കൾക്കുവേണ്ടി നമ്മുടെ ജീവനെ ബലികഴിക്കുന്നു”.
പരിശുദ്ധ ബാവാ 1931 ഫെബ്രുവരി 6-ാം തീയതി മൂസലിൽ നിന്ന് യാത്ര തിരിച്ചു. പരിശുദ്ധ ബാവായും സംഘവും 1931 ഫെബ്രുവരി 28-ന് ബസ്രാ തുറമുഖത്തു നിന്ന് “വാർസോവാ” എന്ന കപ്പലിൽ ഇൻഡ്യയിലേക്ക് യാത്ര തിരിച്ചു. 1931 മാർച്ച് 5-ന് കറാച്ചിയിൽ കപ്പലിറങ്ങി. ബാവായെ സ്വീകരിക്കുന്നതിന് അന്നത്തെ അന്ത്യോഖ്യാ സിംഹാസന പ്രതിനിധി മോർ യൂലിയോസ് ഏലിയാസ് ബാവാ, ആലുവായിലെ മോർ അത്താനാസിയോസ് വലിയ തിരുമേനി എന്നിവരും, കശ്ശീശന്മാരും, ശെമ്മാശന്മാരും, വിശ്വാസികളും എത്തിയിരുന്നു.
മലങ്കരയിലെ നിരവധി പള്ളികൾ സന്ദർശിച്ച ബാവ 1931-ലെ കഷ്ഠാനുഭവ ശുശ്രൂഷകൾ കരിങ്ങാച്ചിറ പള്ളിയിൽ നിർവ്വഹിച്ചു. 1931 ജൂലൈ 5-ാം തീയതി കുറുപ്പംപടി പള്ളിയിൽ പള്ളി പ്രതി പുരുഷയോഗം ചേർന്നു. പാണംപടി പള്ളി ഒന്നിലധികം തവണ സന്ദർശിക്കുകയും രണ്ടു മാസത്തിലധികം അവിടെ താമസിക്കുകയും ചെയ്തു. 1932-ലെ ദനഹാ ശുശ്രൂഷകൾ പാക്കിൽ സെന്റ് തോമസ് പള്ളിയിലാണ് നിർവ്വഹിച്ചത്.
1931 ഫെബ്രുവരി 11-ാം തീയതി മഞ്ഞിനിക്കര മോർ സ്തേഫാനോസ് പള്ളിയിലെ ക്ഷണപ്രകാരം അവിടെ എത്തി. സമാധാനശ്രമങ്ങൾ ഫലപ്രാപ്തിയിലെത്താത്തതിനാലുള്ള മനഃക്ലേശത്താലും, ദീർഘയാത്രയാലും പരിശുദ്ധ ബാവാ ക്ഷീണിതനായി.
ഫെബ്രുവരി 13-ാം തീയതി ശനിയാഴ്ച ബാവ കല്പിച്ച പ്രകാരം മോർ ക്ലീമിസ് യൂഹാനോ൯ അബ്ബാച്ചി വിശുദ്ധ കുർബ്ബാനയർപ്പിച്ചു. പരിശുദ്ധ ബാവ വിശുദ്ധ കുർബ്ബാനമദ്ധ്യേ പ്രസംഗിച്ചു. മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം ഭക്ഷണം കഴിച്ചു. പിന്നീട് പതിവു തെറ്റിക്കാതെ ഡയറിയെഴുതാനാരംഭിച്ചു. ഡയറി എഴുതുന്നതിനിടയിൽ ഒരു പദത്തെക്കുറിച്ചു സംശയനിവാരണം വരുത്തുന്നതിനായി നിഘണ്ടു ആവശ്യപ്പെട്ടു. ഡയറിയെഴുതി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ തലവേദന തോന്നി”എന്റെ തല എന്റെ തല” എന്നിങ്ങനെ പറഞ്ഞു. റമ്പാച്ചന്മാർ അടുത്തെത്തിയപ്പോൾ കുഴയുന്നതുപോലെ തോന്നിയതിനാൽ താങ്ങി മെത്തയിൽ കിടത്തി. പരിശുദ്ധ ബാവ നിത്യതയിലേക്കു യാത്രയായി. അപ്പോൾ ഉച്ചകഴിഞ്ഞ് രണ്ടര മണിയായിരുന്നു.
പരിശുദ്ധ ബാവായുടെ കബറടക്കസ്ഥലത്തെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ടായെങ്കിലും മോർ സ്തേഫാനോസ് പള്ളിക്കു വടക്കു വശത്തുള്ള സ്ഥലം അന്ത്യോഖ്യാ സിംഹാസനത്തിലേക്കെഴുതി അവിടെ കബർ പണിതു. ഫെബ്രുവരി 14-ാം തീയതി പരിശുദ്ധന്റെ കബറടക്ക ശുശ്രൂഷ നടന്നു.
പരിശുദ്ധ ഇഗ്നാത്തിയോ സഖാ ഒന്നാമൻ ബാവായുടെ കല്പനപ്രകാരം (E265/87) മഞ്ഞിനിക്കര ബാവായുടെ പേര് വി. കുർബ്ബാനയിലെ 5-ാം തുബ്ദേനിൽ ചേർത്തു. ഈ പരിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്നതിനോട് ചേർന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് നൂറോനൊയുടെ നാമത്തിൽ പള്ളി പണികഴിപ്പിച്ചു. ഈ പരിശുദ്ധന്റെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 13-ാം തീയതി (രണ്ടാം ശനിയാഴ്ച) സഭ ആഘോഷിക്കുന്നു.
