മഞ്ഞിനിക്കര ● ഭക്തിയുടെ നിറവിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ മഞ്ഞിനിക്കരയുടെ വിശുദ്ധ ഭൂമിയിൽ ഒത്തുച്ചേർന്നു. “അന്ത്യോഖ്യായുടെ അധിപതിയെ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി…” എന്ന പ്രാർത്ഥനാമന്ത്രം ഉരുവിട്ടെത്തിയ അനേകം വിശ്വാസികൾ വിശുദ്ധന്റെ കബറിടം വണങ്ങി അനുഗ്രഹീതരായി. കൊടും ചൂടിനെപോലും വകവയ്ക്കാതെ കഴിഞ്ഞ ഒരാഴ്ച കാലമായി പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ച് കാൽ നടയായി അനേകർ പ്രാർത്ഥനാപൂർവ്വം എത്തിച്ചേർന്നു. വിവിധദേശങ്ങളിൽ നിന്ന് എത്തിയ കാൽനട തീർത്ഥാടകർക്ക് വഴി നീളെ സ്വീകരണം ലഭിച്ചു. നാനാജാതി മതസ്ഥരായ ദേശവാസികൾ കുടിവെള്ളവും ഭക്ഷണവും വിശ്രമിക്കുവാൻ സ്ഥലവും നൽകിയാണ് തീർത്ഥാടകരെ സ്വീകരിച്ചത്.
പരിശുദ്ധ ബാവയുടെ 93-ാമത് ഓർമപ്പെരുന്നാളിൽ പങ്കെടുക്കാനെത്തിയ തീർഥാടകർക്ക് ഓമല്ലൂർ കുരിശടിയിൽ സ്വീകരണം നൽകി. പ്രധാന തീർഥാടക സംഘങ്ങളെ പെരുന്നാൾ കമ്മിറ്റിയും സമീപ ഇടവകകളും ഓമല്ലൂർ പൗരാവലിയും ചേർന്ന് സ്വീകരിച്ചു. അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകിയെത്തിയ ഹൈറേഞ്ച് മേഖല തീർഥാടകരെയും കൂടുതൽ ദൂരം സഞ്ചരിച്ചെത്തിയ വടക്കൻ മേഖല തീർഥാടകരെയും കുരിശിങ്കൽ സ്വീകരിച്ച് ദയറായിലേക്ക് ആനയിച്ചു. ദയറാ കവാടത്തിൽ തീർഥാടകസംഘങ്ങളെ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹിക പ്രതിനിധി ലബനോനിലെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന നടന്നു. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർ സംബന്ധിച്ചു.
തുടർന്നു നടന്ന തീർഥാടക സമ്മേളനം പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ്, അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
ഇന്നലെ പുലർച്ചെ മോർ സ്തേഫാനോസ് കത്തീഡ്രലിലും തുടർന്ന് ദയറാ കത്തീഡ്രലിലും വി. കുർബ്ബാന ഉണ്ടായിരുന്നു. രാവിലെ എട്ടിനു പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത ദയറാ കത്തീഡ്രലിൽ വി. കുർബ്ബാന അർപ്പിച്ചു. കബറിങ്കൽ ധൂപ പ്രാർഥന, പ്രദക്ഷിണം എന്നിവയോടെ പെരുന്നാൾ സമാപിച്ചു.







