
പുണ്യശ്ലോകനായ മോർ തീമോത്തിയോസ് യാക്കോബ് മെത്രാപ്പോലീത്തായുടെ 39-ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 10 ന് പരിശുദ്ധ സഭ ആചരിക്കുന്നു. പുണ്യപിതാവ് പരിശുദ്ധിയുടെ പര്യായമായിരുന്നു. പുതുപ്പള്ളിക്കടുത്ത തൃക്കോതമംഗലത്ത് 1916 ജൂലൈ 31 ന് അഞ്ചുതുരുത്തേൽ കുടുംബത്തിൽ പെട്ട പറേകുളത്ത് ഫീലിപ്പോസ്, മറിയാമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. 1931 മെയ് മാസത്തിൽ 15 വയസ്സ് ഉള്ളപ്പോൾ പട്ടത്വത്തിന്റെ ആദ്യ പടിയായ മ്സമ്റോനോ സ്ഥാനം മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹം പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത നൽകി.
1932 ൽ പരിശുദ്ധ ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവ മലങ്കരയിൽ എഴുന്നള്ളി വന്ന അവസരത്തിൽ തൃക്കോതമംഗലം മോർ ശർബീൽ ദയറായിൽ വച്ച് യാക്കോബിനു കോറൂയോ സ്ഥാനം നൽകി അനുഗ്രഹിച്ച് തന്നോടൊപ്പം മഞ്ഞിനിക്കര ദയറായിലേക്കു കൂട്ടികൊണ്ടുപോയി. യാക്കോബ് ശെമ്മാശന് ജീവിതത്തിൽ ലഭിച്ച എറ്റവും വലിയ ഭാഗ്യമായിരുന്നു മഞ്ഞിനിക്കര ബാവ കാലം ചെയ്ത സമയത്ത് അവിടെയായിരുന്നതിനാൽ 40 ദിവസം കബറിങ്കൽ ധൂപം വെക്കുന്നതിന് സാധിച്ചു എന്നത്. 1941 ഏപ്രിൽ മാസത്തെ അവസാന ആഴ്ച ഗുരുവായ അഭിവന്ദ്യ മീഖായേൽ മോർ ദീവന്നാസിയോസ് തിരുമേനി യാക്കോബ് ശെമ്മാശനെ വൈദിക പദവിയിലേക്ക് ഉയർത്തി. തുടർന്നു തൃക്കോതമംഗലം സെന്റ് ജെയിംസ് പള്ളിയിൽ വികാരിയായി നിയമിക്കപ്പെട്ടു. ശെമ്മാശനായിരിക്കുന്ന കാലത്ത് യാക്കോബ് തൃക്കോതമംഗലത്ത് സെന്റ് ജെയിംസ് സൺണ്ടേസ്കൂൾ സ്ഥാപിച്ചിരുന്നു. പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനി ഉൾപ്പടെ പല ദയറാക്കാരും വൈദികരും ഈ സൺഡേസ്കൂളിന്റെ സംഭാവനകൾ ആണ്. എഴുപതുകളിൽ സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ സത്യവിശ്വാസം ചോദ്യം ചെയ്യപ്പെട്ടപ്പോൾ പ്രാണതുല്യം സ്നേഹിച്ച് ശുശ്രൂഷിച്ച തൃക്കോതമംഗലം സെന്റ് ജെയിംസ് പള്ളി ഉപേക്ഷിച്ച്, സത്യവിശ്വാസം സംരക്ഷിക്കുവാനും അപ്പോസ്തോലിക പൗരോഹിത്യം പ്രകാശം പരത്തണമെന്ന ലക്ഷ്യ സാക്ഷാത്ക്കാരമായി 1975 ജനുവരി 26 ന് തന്റെ ജന്മഗൃഹം നിലനിന്നിരുന്ന സ്ഥലത്ത് ഒരു പുതിയ ബേത്ലഹേം ഉദയം ചെയ്തു. ഇതിനു വേണ്ടി പലതും സഹിക്കുവാനും ത്യജിക്കുവാനും ഈ പുണ്യപിതാവിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. ആരോടും ഒരു വിദ്വേഷമോ പ്രതികാരമോ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല മറിച്ച് സ്നേഹവും വിനയവും ശാന്തതയും പ്രസരിപ്പിക്കുവാൻ കഴിഞ്ഞുവെന്നത് ഒരു ദൈവിക വരമായിരുന്നു എന്നുള്ളതിന് സംശയമില്ല.
സഭയുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ അനേകം യുവാക്കളെ വൈദികവൃത്തിയിലേക്ക് പരിശീലിപ്പിച്ച് കൈപിടിച്ചു കയറ്റുവാൻ യാക്കോബ് അച്ചന് സാധിച്ചു. സുറിയാനി ഭാഷ, സുറിയാനി രാഗങ്ങൾ എന്നിവയിൽ മികച്ച പണ്ഡിതനായിരുന്ന യാക്കോബ് അച്ചനെയാണ് പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനി പെരുമ്പള്ളി പള്ളിയിൽ ആരംഭിച്ച വൈദിക കോളേജ് പ്രിൻസിപ്പിൽ ആയി നിയമിച്ചത്. ഈ ചുമതലയിൽ ഇരിക്കുമ്പോഴാണ് 1976 സെപ്റ്റംബർ 11 ന് ശ്രേഷ്ഠ പൗലോസ് ദ്വിതിയൻ ബാവായിൽ നിന്ന് റമ്പാൻ സ്ഥാനം സ്വീകരിച്ചത്. തുടർന്ന് 1979 ഏപ്രിൽ 19 ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുവാദത്തോടെ വെള്ളൂർ കാരിക്കാമറ്റം സെന്റ് സൈമൺസ് പള്ളിയിൽ വച്ച് ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവ മോർ തീമോത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി. പുണ്യശ്ലോകരായ തോമസ് മോർ തേയോഫിലോസ്, ഫീലിപ്പോസ് മോർ ഈവാനിയോസ് എന്നീ മെത്രാപ്പോലിത്തന്മാർ കൂടെ വാഴിക്കപ്പെട്ടു.
ഭദ്രാസന ഭരണം ഇല്ലാതെ തന്നെ യാക്കോബായ സഭയെ സ്നേഹിച്ച് ശുശ്രൂഷിച്ച പുണ്യ പിതാവ് വിശുദ്ധിയുടെ മാർഗത്തിൽ ജീവിച്ച് കർത്തൃസന്നിധിയെ പ്രാപിച്ചു. മലേകുരിശിൽ സഭ ആരംഭിച്ച വൈദിക സെമിനാരിയിൽ തിരുമേനി നൂറുകണക്കിന് വൈദീകരുടെ മല്പാനായും സുറിയാനി ഭാഷാപണ്ഡിതനായും സേവനം അനുഷ്ഠിച്ചു. ചിങ്ങവനം മോർ അപ്രേം സെമിനാരി, പെരുമ്പള്ളി സെന്റ് ജയിംസ് സെമിനാരി, മലേകുരിശ് ദയറ, വെട്ടിക്കൽ സെമിനാരി എന്നിവടങ്ങളിൽ മൽപ്പാനെന്ന നിലയിൽ നിരവധി വൈദീക വിദ്യാർത്ഥികളെ പഠിപ്പിച്ചിട്ടുണ്ട്. പ്രതിഫലേച്ഛ കൂടാതെ വൈദികരെ സുറിയാനി ഭാഷയും വിശുദ്ധ പിതാക്കന്മാരുടെ വിശ്വാസ ആചാരങ്ങൾക്ക് അനുസൃതമായ ആരാധനാ ക്രമങ്ങളും പഠിപ്പിക്കുകയായിരുന്നു തിരുമേനിയുടെ ജീവിത ലക്ഷ്യം.
ആദരണീയനായ മൽപ്പാനച്ചൻ, മഹാനായ മൽപ്പാൻ, സ്നേഹനിധിയായ പിതാവ്, വിനയന്വിതനായ താപസശ്രേഷ്ഠൻ, യഥാർത്ഥ മഹർഷിവര്യൻ, പ്രാർത്ഥിക്കുന്ന താപസവര്യൻ, പരമ സിദ്ധനായ മൽപ്പാൻ തിരുമേനി, സന്യാസിശ്രേഷ്ഠനായ മെത്രാപ്പോലീത്ത തുടങ്ങി അനേകം നാമങ്ങൾക്ക് ഉടമയായിരുന്നു പുണ്യപിതാവ്. മെത്രാപ്പോലീത്തയായിരുന്നിട്ടും ബസിലും ട്രെയിനിലും യാത്ര ചെയ്യുവാനും ശുശ്രൂഷ നിർവ്വഹിക്കുവാനും സ്വന്തം വീടിനോട് ചേർന്നുള്ള പള്ളിമുറി അരമന എന്ന നിലയിൽ ഏറ്റവും സംതൃപ്തിയോടെ കണ്ടെത്തുവാനും തിരുമേനിക്ക് കഴിഞ്ഞു. വൈദീക സെമിനാരിയുടെ ചുമതലയിൽ തുടർന്ന പുണ്യശ്ലോകനായ യാക്കോബ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത 1986 ഫെബ്രുവരി 10 ന് തിങ്കളാഴ്ച കാലം ചെയ്തു. പിറ്റെന്നാൾ താൻ ഏറെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത തൃക്കോതമംഗലം സെന്റ് മേരീസ് ബേത്ലഹേം പള്ളിയിൽ കബറടക്കപ്പെട്ടു.

