
പുത്തന്‍കുരിശ് ● മലങ്കര സഭാ യോജിപ്പിനെക്കുറിച്ചുള്ള ഓർത്തഡോക്സ് വിഭാഗത്തിന്റെ പ്രസ്താവന ആത്മവഞ്ചനാപരമെന്ന് യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ, ഓർത്തഡോക്സ് സഭകൾ വ്യത്യസ്ത ആചാരവും വിശ്വാസവും അനുഷ്ഠിച്ചു വരുന്ന സഭകളാണ്. സുപ്രീം കോടതിയിൽ ഇരു സഭകളും വ്യത്യസ്ത ആചാരവും വിശ്വാസവുമുള്ള സഭകളാണെന്ന് ഓർത്തഡോക്സ് വിഭാഗം സത്യവാങ്മൂലം കൊടുത്ത് അതിലെ സുപ്രീം കോടതി വിധി ഓർത്തഡോക്സ് വിഭാഗം അംഗീകരിച്ചിട്ടുള്ളതാണ്. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ടു വ്യത്യസ്ത ആചാരവും വിശ്വാസവുമുള്ള സഭകൾ യോജിക്കുന്നു എന്നു പറയുന്നത് ആത്മവഞ്ചനാപരവും അടിസ്ഥാനരഹിതവുമായ പ്രസ്താവനയാണ് മറുവിഭാഗം നടത്തുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
മലങ്കര സഭ എന്നു പറയുന്നത് ഓർത്തഡോക്സ് വിഭാഗം മാത്രമാണ് എന്നുള്ളതായ മറുവിഭാഗത്തിന്റെ വാദം ബഹു. സുപ്രീം കോടതി നിരാകരിച്ചിട്ടുള്ളതാണ്. ബഹു. കേരളാ ഗവൺമെന്റിന്റെ സെമിത്തേരി ബില്ലിലും 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയിലും ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിൽ വാദം വന്നപ്പോഴും മലങ്കര സഭ എന്നു പറയുന്നത് യാക്കോബായ, ഓർത്തഡോക്സ് എന്നീ രണ്ടു വിഭാഗങ്ങൾ ഉൾപ്പെടുന്നതാണെന്നും ഓർത്തഡോക്സ് വിഭാഗം മാത്രമല്ല മലങ്കരയിലെ സഭയെന്നും സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. മലങ്കരയിലെ ദൈവാലയങ്ങളും സ്വത്തുക്കളും യാക്കോബായ സഭയുടെ കൂടിയുള്ളതാണെന്നും ബഹു. സുപ്രീം കോടതി ഈ വസ്തുത അടിവരയിട്ട് സ്ഥിതീകരിച്ചിട്ടുണ്ടെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
രണ്ടു വ്യത്യസ്ത സഭകളാണെന്നുള്ള യാഥാർത്ഥ്യങ്ങൾ മറച്ചു വച്ചു കൊണ്ട് മറുവിഭാഗം നടത്തുന്ന പരാമർശങ്ങളും പ്രസ്താവനകളും കോടതി വിധിയെ വളച്ചൊടിക്കുവാനും യാഥാർത്ഥ്യങ്ങളെ ദുര്‍വ്യഖ്യാനം ചെയ്തു കൊണ്ട് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനുള്ള കുത്സിത ശ്രമങ്ങൾ മാത്രമാണിതെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. മലങ്കര സഭയിലെ ശാശ്വത സമാധാനമാണ് ഓർത്തഡോക്സ് വിഭാഗം വിഭാവനം ചെയ്യുന്നതെങ്കിൽ രണ്ടു സഭകളാണെന്നുള്ള യാഥാർത്ഥ്യം അംഗീകരിച്ച് കലഹങ്ങളും വ്യവഹാരങ്ങളും പള്ളി കൈയേറ്റങ്ങളും എല്ലാം അവസാനിപ്പിച്ച് സഹോദരി സഭകളായി പരസ്പര സഹവർത്തിത്വത്തിലും സഹകരണത്തിലും മുന്നോട്ട് പോകുകയാണ് ഏറ്റവും അഭികാമ്യമെന്ന് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
