
പുത്തൻകുരിശ് ● ശ്ലീഹന്മാരിൽ തലവനായ പരിശുദ്ധ പത്രോസ് അപ്പോസ്തോലൻ എ.ഡി 37 ൽ അന്ത്യോഖ്യായിൽ പരിശുദ്ധ സിംഹാസനം സ്ഥാപിച്ചതിന്റെ ഓർമ്മ പാത്രിയർക്കാ ദിനമായി യാക്കോബായ സുറിയാനി സഭ ആചരിച്ചു. പാത്രിയർക്കാ ദിനത്തിന്റെ ഭാഗമായി സഭയുടെ ദൈവാലയങ്ങളിൽ വി. കുർബ്ബാനയും പാത്രിയർക്കാ പതാക ഉയർത്തലും പാത്രിയർക്കാ ദിന അനുസ്മരണവും നടന്നു.
തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പാത്രിയർക്കാ പതാക ഉയർത്തി. തുടർന്ന് മലങ്കര മെത്രാപ്പോലീത്ത പാത്രിയർക്കാ ദിന സന്ദേശം നൽകി.
വി. പത്രോസ് ഏറ്റു പറഞ്ഞ വിശ്വാസമാകുന്ന പാറമേലാണ് സഭ പണിയപ്പെട്ടിരിക്കുന്നതെന്നും ലോകത്തെ പ്രധാന ക്രൈസ്തവ സഭകൾ ഈ ദിവസത്തെ വളരെ പ്രാധാന്യത്തോടെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പരി. അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിൽ എന്നും അചഞ്ചലമായി നിലകൊള്ളുന്ന സഭയ്ക്കായി ഈ ദിനത്തിൽ പ്രത്യേകം പ്രാർത്ഥിക്കണമെന്നും മെത്രാപ്പോലീത്ത ഓർമ്മപ്പെടുത്തി.
2000 വർഷത്തിലധികം പഴക്കവും അപ്പോസ്തോലിക പാരമ്പര്യവും പൗരോഹിത്യ പിൻതുടർച്ചയുമുള്ള ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമാണ് യാക്കോബായ സുറിയാനി സഭ. ഈ മഹത്തായ വിശ്വാസ പാരമ്പര്യത്തിൽ അടിയുറച്ച് നിലനിൽക്കുന്നതു കൊണ്ടാണ് സഭയ്ക്ക് ഇന്നും പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരുന്നത്. എന്നാൽ എന്തെല്ലാം ത്യാഗങ്ങൾ സഹിക്കേണ്ടി വന്നാലും വിശ്വാസം പരിത്യജിക്കുകയില്ലായെന്നും വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കു സഭ തയ്യാറല്ലെന്നും വരും തലമുറയ്ക്ക് പൂർവ്വികർ പകർന്നു നൽകിയ വിശ്വാസം പകർന്നു നൽകുവാൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മലങ്കര സഭയിൽ ശാശ്വത സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ രണ്ടു സഭകളാണെന്നുള്ള യാഥാർത്ഥ്യം അംഗീകരിച്ച് കലഹങ്ങളും വ്യവഹാരങ്ങളും പള്ളി കൈയേറ്റങ്ങളും അവസാനിപ്പിച്ച് പരസ്പര സഹകരണത്തിൽ രണ്ടു സഹോദരി സഭകളായി മുന്നോട്ട് പോകുവാനും ക്രിസ്തീയ സ്നേഹത്തിൽ നിലനിൽക്കുവാനുമാണ് ഓർത്തഡോക്സ് വിഭാഗം ശ്രമിക്കേണ്ടതെന്നും അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത
(മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ
22/02/2025

