
പുത്തന്‍കുരിശ് ● പരി. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായായി മലങ്കര മെത്രാപ്പോലീത്തായും, പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായെ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിന്റെ മുഖ്യകാര്‍മികത്വത്തില്‍ മലങ്കര യാക്കോബായ സഭ ഉള്‍പ്പെടെ ആകമാന സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരുടെയും സഹകാര്‍മികത്വത്തിലും 2025 മാര്‍ച്ച് മാസം 25-ാം തീയതി വചനിപ്പ് പെരുന്നാള്‍ ദിവസം ലബനോനിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് വാഴിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മതമേലദ്ധ്യക്ഷന്മാരും, വിശ്വാസികളുടെ സമൂഹവും പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ലെബനോനിലെ സഭാ ആസ്ഥാനത്ത് നടന്നു വരുന്നു.
കാതോലിക്ക വാഴ്ചയും, തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തെക്കുറിച്ചും യാക്കോബായ സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി വിശദമായ ചര്‍ച്ചകള്‍ നടത്തി. 2025 മാര്‍ച്ച് 30-ാം തീയതി ഉച്ചയ്ക്ക് 2.00 മണിയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കാ ബാവായെ യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാരും, സഭാ ഭാരവാഹികളും, വര്‍ക്കിംഗ് – മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, വൈദീകരും, വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പെരുമ്പാവൂര്‍ വഴി വൈകീട്ട് 3.30 ന് സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെത്തും, സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിങ്കല്‍ ശ്രേഷ്ഠ ബാവാ പ്രഥമ ധൂപ പ്രാര്‍ത്ഥന അര്‍പ്പിക്കും.
നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബാവായെ മലങ്കര സഭ ഒന്നാകെ അംഗീകരിക്കുന്നു എന്നതിന്റെ അടയാളമായി ഓക്സിയോസ് ചൊല്ലി സഭയിലെ വൈദീകരും വിശ്വാസികളും ഇദ്ദേഹം യോഗ്യന്‍ എന്ന് മൂന്നുപ്രാവശ്യം ഏറ്റ് പറയുന്ന സ്ഥാനാരോഹണ (സുന്ത്രോണീസോ) ശുശ്രൂഷയ്ക്ക് വലിയ മെത്രാപ്പോലീത്ത അഭി. ഡോ. എബ്രാഹാം മോര് സേവേറിയോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്താമാരും സഹകാര്‍മികരായിരിക്കും.
വൈകിട്ട് 5:00 മണിയ്ക്ക് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ നഗറില്‍ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കാ ബാവായെ അനുമോദിച്ച് സഭാടിസ്ഥാനത്തിലുള്ള പൊതുസമ്മേളനം നടത്തും. വിവിധ ക്രൈസ്തവ-സഭാ മേലദ്ധ്യക്ഷന്മാര്, രാഷ്ട്രീയ- സാമൂഹിക- സാംസ്ക്കാരീക- സാമുദായിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും.
രോഗബാധിതനായി കഴിയുന്ന ആഗോള കത്തോലിക്ക തിരുസഭയുടെ മേലദ്ധ്യക്ഷന് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സൗഖ്യത്തിനായി വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് മലങ്കര മെത്രാപ്പോലീത്ത അറിയിച്ചു.
അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ് മെത്രാപ്പോലീത്ത ചെയര്‍മാനും, അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ് മെത്രാപ്പോലീത്ത വൈസ് ചെയര്‍മാനായും, സഭാ ഭാരവാഹികള്‍ കണ്‍വീനര്‍മാരും, വര്‍ക്കിംഗ് കമ്മറ്റി, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന റിസപ്ഷന് & ഫുഡ്, പ്രോഗ്രാം, ഫിനാന്‍സ്, പബ്ളിസിറ്റി, വോളണ്ടിയര്‍, മീഡിയാ എന്നീ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതിന് സഭാ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.
മലങ്കര മെത്രാപ്പോലീത്തായും, പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റും ആയ അഭി. ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ വലിയ മെത്രാപ്പോലീത്ത അഭി. ഡോ. എബ്രഹാം മോര് സേവേറിയോസ്, അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ്, അഭി. ഏലിയാസ് മോര് അത്താനാസിയോസ്, അഭി. കുര്യാക്കോസ് മോര് ക്ലിമീസ്, അഭി. സഖറിയാ മോര് പീലക്സിനോസ് എന്നീ മെത്രാപ്പോലീത്താമാർ പങ്കെടുത്തു.
സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.





