
പുത്തന്‍കുരിശ് ● കേരളത്തില്‍ വന്യജീവി ആക്രമണം മൂലം അടുത്തയിടെ നിരവധി മനുഷ്യര്‍ മരണപ്പെടുകയും, പലര്‍ക്കും ഗുരുതര പരിക്കുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്നം വനാതിര്‍ത്തി പ്രദേശങ്ങളെ മാത്രം ബാധിക്കുന്നതല്ലെന്നും, സമാധാനമായി ജീവിക്കുവാനുള്ള കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും ബാധിക്കുന്നതുമാണ്.
വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം കൂടിയേതീരു. കാട് വന്യ ജീവികള്‍ക്ക് അവകാശപ്പെട്ടത് പോലെ, നാട് മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ് . അതുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പരി. യാക്കോബായ സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റി യോഗം കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം നല്‍കേണ്ട ഈ കാലത്ത് കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കുന്നതിന് വന – ജന സംരക്ഷണ സമിതിക്ക് രൂപം കൊടുക്കുന്നതിന് യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.
കഷ്ട- നഷ്ടങ്ങള്‍ അനുഭവിക്കുന്ന മേഖലകള്‍ സന്ദര്‍ശിച്ച് അവിടുത്തെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണംമനസ്സിലാക്കി അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ വന – ജന നിയമങ്ങള്‍ അറിയുന്ന അഭിഭാഷക സമിതിയും സഹായത്തിനായി രൂപീകരിക്കും.
കര്‍ഷകരായ ജനതയുടെ ഇപ്പോഴത്തെ സാഹചര്യം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു.
മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
