
മുളന്തുരുത്തി ● യാക്കോബായ സുറിയാനി സഭ നേരിടുന്ന പ്രതിസന്ധി ഘട്ടം മാറുന്ന സമയം വിദൂരമല്ലെന്ന് മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പറഞ്ഞു. ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിലെ ഇടവക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
യാക്കോബായ സുറിയാനി സഭ ക്രിസ്തുവിന്റെ സഭയാണ്. ഒരു പ്രതിസന്ധിക്കും സഭയെ തകർക്കാനോ തളർത്താനോ സാധിക്കില്ല. ക്രിസ്തു പഠിപ്പിച്ചത് സ്നേഹവും സമാധാനവുമാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നതും, കയ്യേറ്റം ചെയ്യുന്നതും ക്രിസ്തു മാർഗമല്ലെന്നും മലങ്കര മെത്രാപ്പോലീത്ത പറഞ്ഞു.
ഈ കാലഘട്ടത്തിൽ ഏറെ കരുതലും ജാഗ്രതയും ആവശ്യമാണ്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മനുഷ്യത്വമില്ലാതെ സഹജീവികളോട് പെരുമാറുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്.
കുടുംബത്തിൽ നിന്നും ലഭിക്കുന്ന നല്ല പാഠങ്ങൾ ഉൾക്കൊണ്ടു വേണം സമൂഹത്തിൽ ജീവിക്കേണ്ടത്. നവ മാധ്യമങ്ങൾ വഴി പുതുതലമുറ വഴിതെറ്റി പോകുന്ന സാഹചര്യം ഉണ്ട്. നവ മാധ്യമത്തെ മനുഷ്യ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കണം. സമൂഹത്തോട് ഉത്തരവാദിത്വം ഉള്ളവരായി മാറണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ആരക്കുന്നം സെന്റ് ജോർജ് വലിയ പള്ളി വികാരി ഫാ. ഷാജി മാമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു. ഫാ. റോണി രാജൻ, ഫാ. റോയി പോൾ, ഫാ. ബാബു ഏലിയാസ്, ഫാ. ജോർജ് കൊടിമറ്റത്തിൽ, ട്രസ്റ്റിമാരായ ഗ്ലീസൺ ബേബി, ബോബി ബോബി പോൾ തുടങ്ങിയവർ സംസാരിച്ചു.
