
പുത്തന്‍കുരിശ് ● പരി. യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര വൈദീക യോഗം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ രാവിലെ 10.00 മണിയ്ക്ക് ആരംഭിച്ച് വൈകീട്ട് 4 മണിക്ക് സമാപിച്ചു. അഖില മലങ്കര വൈദീക സംഘം പ്രസിഡന്റ് അഭി. കുര്യാക്കോസ് മോര് യൗസേബിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമം യാക്കോബായ സഭാ മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു.
പ്രതിസന്ധികളില്‍ സഭയുടെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന പുരോഹിതര്‍ സഭയുടെ അനുഗ്രഹമാണെന്നും വിശ്വാസപ്പോരാട്ടങ്ങളിലും സാമൂഹ്യ സേവനങ്ങളിലും സഭയിലെ വൈദീകര്‍ നല്കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും വൈദീകരുടെ ക്ഷേമത്തിനും പരിരക്ഷണത്തിനുമായി ഭദ്രാസന- സഭാ തലത്തില്‍ പദ്ധതികള്‍ക്ക് രൂപം കൊടുക്കുമെന്നും മലങ്കര മെത്രാപ്പോലീത്ത പറഞ്ഞു. സഭയിലെ മുഴുവന്‍ വൈദീകരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും മലങ്കര മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ്, അഭി. മാത്യൂസ് മോര് അഫ്രേം, അഭി. ഏലിയാസ് മോര് യൂലിയോസ്, അഭി. കുര്യാക്കോസ് മോര് ക്ലിമീസ്, അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ റോയ് ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, അഖില മലങ്കര വൈദീക സംഘം സെക്രട്ടറി റവ. ഫാ ജോണ്‍ ഐപ്പ്, ട്രഷറാര്‍ റവ. ഫാ. സാംസണ് കുര്യാക്കോസ് മേലോത്ത് എന്നിവര്‍ പ്രസംഗിച്ചു.
സഭയിലെ വിവിധ ഭദ്രാസനങ്ങളില്‍ നിന്ന് വിരമിച്ച വൈദീകരേയും ചടങ്ങില്‍ വച്ച് ആദരിച്ചു. 10-ാം ക്ലാസ്, പ്ലസ് 2 പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച പുരോഹിതരുടെ മക്കള്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. അഭി. മാത്യൂസ് മോര് അഫ്രേം മെത്രാപ്പോലീത്തയും, റവ. ഫാ. ഡോ ജേക്കബ് ചെറിയാനും ക്ലാസുകള്‍ എടുത്തു. ഗ്രൂപ്പുകള്‍ തിരിച്ചുള്ള ക്രിയാത്മക ചര്‍ച്ചകളും നടന്നു.



