
പുത്തൻകുരിശ് ● സെറാംപൂർ സർവ്വകലാശാലയിൽ നിന്ന് “ബൗദ്ധിക വൈകല്യമുള്ള ആളുകൾക്കിടയിലെ ദൗത്യം, ദുർബലമായ മിഷൻ സമീപനത്തിന്റെ പര്യവേക്ഷണം” എന്ന പിഎച്ച്ഡി തീസിസിൽ ഡോക്ടറേറ്റ് നേടിയ ബഹുമാനപ്പെട്ട ഗീവർഗീസ് ജോൺസൺ അച്ചനെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന അഖില മലങ്കര വൈദീക യോഗത്തിൽ ആദരിച്ചു. ബാംഗ്ലൂർ സർജ്ജാപ്പുര സെന്റ് ജെയിംസ് യാക്കോബായ പള്ളി വികാരിയും, കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ പള്ളി അംഗവുമാണ് ഫാ. ഗീവർഗീസ് ജോൺസൺ (ജിനോഷ് ജോൺസൻ).
കോയമ്പത്തൂർ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം പാമ്പാടി ചേന്നാട്ടുമറ്റം സി.സി. ജോണിന്റേയും (റിട്ടയേർഡ് നേവി) മറിയാമ്മ തോമസിന്റേയും മൂന്നാമത്തെ പുത്രനാണ് ഫാ. ഫാ. ഗീവർഗീസ് ജോൺസൺ. ബസ്ക്യാമ്മ: ഡയാന ആനി ജിനോഷ്, മകൻ: ജോനാഥാൻ ജിനോഷ് എന്നിവരാണ്. കോട്ടയം മഹാത്മഗാന്ധി സർവകലാശാലയിൽ നിന്നും ബി.എ. ഹിസ്റ്ററിയിൽ നിന്ന് ബിരുദവും, കൽക്കട്ട ബിഷപ്സ് കോളേജിൽ നിന്ന് ബി.ഡി. ബിരുദവും, ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്ന് എം.റ്റി.എച്ചും കരസ്ഥമാക്കിയിട്ടുണ്ട്.
മുംബൈ ഭദ്രാസനത്തിന്റെ പ്രഥമ സെക്രട്ടറിയായും, മുംബൈ സെന്റ് തോമസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷന്റെയും, ഡോംബീവലി, മുളുണ്ട്, പനവേൽ, ബാംഗ്ലൂർ സെന്റ് മേരീസ് കത്തീഡ്രൽ എന്നീ ദൈവാലയങ്ങളിൽ വികാരിയായും സ്തുത്യർഹമായ സേവനം നിർവ്വഹിച്ചിട്ടുണ്ട്. ബാംഗ്ലൂർ സ്നേഹാലയ ഓപ്പർച്ച്യൂണിറ്റി സ്കൂളിന് പുതിയ കെട്ടിടം പൂർത്തീകരിച്ചത് ബഹു. അച്ചന്റെ നേതൃത്വത്തിലാണ്. അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായിൽ നിന്നാണ് ശെമ്മാശപട്ടവും, കശ്ശീശാ പട്ടവും സ്വീകരിച്ചത്.
