
വിയന്ന ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മർത്തമറിയം വനിതാ സമാജത്തിന്റെ പൊതുയോഗം ഭദ്രാസന പ്രസിഡന്റും പാത്രിയാർക്കൽ വികാരിയുമായ അഭിവന്ദ്യ ഡോ. മോർ തേയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടന്നു.
പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വേർപാടിലുള്ള അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തിയ പ്രസ്തുത യോഗത്തിൽ യൂറോപ്പ് ഭദ്രാസന കൗൺസിൽ സെക്രട്ടറി വന്ദ്യ ജോഷ്വ റമ്പാച്ചനും മറ്റ് വൈദിക ശ്രേഷ്ഠരും യൂറോപ്പിലെ വിവിധ ഇടവകകളിൽ നിന്നുള്ള മർത്തമറിയം വനിതാ സമാജം പ്രവർത്തകരും പങ്കെടുത്തു. കഴിഞ്ഞ മൂന്നുവർഷമായി നിരന്തരമായി നടന്നുവരുന്ന ചെയിൻ പ്രയർ അനേകർക്ക് അനുഗ്രഹമായി മാറിയതായി പ്രസ്തുത യോഗത്തിൽ വിലയിരുത്തപ്പെട്ടു.
കഴിഞ്ഞ രണ്ടു വർഷമായി മലങ്കര സഭയിൽ മികച്ച വനിതാ സമാജത്തിന് നൽകി വരുന്ന എം.എസ്.ഒസി വിമൻസ് എക്സലൻസി അവാർഡ് മലങ്കര സഭയ്ക്ക് തന്നെ അഭിമാനിക്കാവുന്നതാണെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ കാലങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ച ഭാരവാഹികളെ അഭിവന്ദ്യ മെത്രാപ്പോലീത്ത അഭിനന്ദിച്ചു. 2025 ലെ അവാർഡ് നോമിനേഷനുകൾ സ്വീകരിച്ച് തുടങ്ങിയതായി മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് ഫാ. എൽദോസ് വട്ടപ്പറമ്പിൽ പറഞ്ഞു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്: ഫാ. എൽദോസ് വട്ടപ്പറമ്പിൽ
സെക്രട്ടറി: ടീന ജോസഫ് (ജർമ്മനി)
ജോ. സെക്രട്ടറി: അന്നമ്മ മോൻസി (സ്വിറ്റ്സർലൻഡ്)
ട്രഷറർ: മെറിൻ കുഞ്ഞുമോൻ (മാൾട്ട)
ജോ. ട്രഷറർ: സീന ചാക്കോ (ഡെൻമാർക്ക്)
എക്സ് ഒഫീഷ്യോ: ജെസ്സി തുരുത്തുമ്മേൽ (ഓസ്ട്രിയ)
പ്രാർത്ഥന കോഡിനേറ്റർ: സിന്ധു എബിഗിൻ (ഡെന്മാർക്ക്), പ്രീതി ഫിലിപ്പ് (ജർമ്മനി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
നിയുക്ത കാതോലിക്ക അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയോടുള്ള വിധേയത്വവും സ്നേഹവും പ്രഖ്യാപിച്ചു കൊണ്ട് യോഗം അവസാനിച്ചു.
