
പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഒന്നാണ് മുളന്തുരുത്തി സുന്നഹദോസ്. 1876 ജൂൺ 28, 29, 30 ദിവസങ്ങളിലായി പരി. മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ കൂടിയ ഈ പരി. സുന്നഹദോസിന് ആതിഥ്വം വഹിച്ചത് മുളന്തുരുത്തി മാർത്തോമൻ പള്ളിയാണ്. പരി. പാത്രിയർക്കീസ് ബാവായുടെ നോട്ടീസ് കല്പന പ്രകാരം സഭയുടെ പൊതുവായ ആത്മീയ കാര്യങ്ങളെകുറിച്ച് ആലോചിക്കുന്നതിനാണ് പരി. സുന്നഹദോസ് ചേർന്നത്. പരി. സുന്നഹദോസിൽ 103 പള്ളികളിൽ നിന്നായി 130 വൈദീകരും 144 അൽമായക്കാരും സംബന്ധിച്ചു.
പരി. പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിയായി അന്ന് പരി. സുന്നഹദോസിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തത് മുളന്തരുത്തി ഇടവകാംഗം കൂടിയായ ചാത്തുരുത്തിൽ വന്ദ്യ ഗീവർഗ്ഗീസ് റമ്പാനായിരുന്നു. (പരി. ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനി).
പ്രസ്തുത സുന്നഹദോസിൽ ഊർശ്ശേമിന്റെ അബ്ദുള്ള മോർ ഗ്രിഗോറിയോസ് (പിന്നീട് ഇഗ്നാത്തി യോസ് അബ്ദുള്ളാ പാത്രിയർക്കീസ്) മലങ്കരയുടെ ജോസഫ് മോർ ദിവന്ന്യാസിയോസ് എന്നീ മേൽപ്പട്ടക്കാർ സംബന്ധിച്ചിരുന്നു.
പൂർവ്വീക സത്യവിശ്വാസം നിലനിർത്തി പരി. അന്തോഖ്യാ സിംഹാനത്തിൻ കീഴിൽ ഉറച്ചു നിൽക്കുമെന്ന് മലങ്കര സഭാംഗങ്ങൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. പൈതൃക വിശ്വാസം ലംഘിക്കുന്നവർക്ക് സഭയിലോ പള്ളിയിലോ സ്ഥാനമുണ്ടായിരിക്കില്ല. സഭയുടെ കാനോൻ നിയമങ്ങൾ അച്ചടിപ്പിച്ച് നൽകുന്നതിനും, മാമോദീസാ, വിവാഹം, ശവസംസ്ക്കാരം, എന്നിവക്കെല്ലാം പ്രത്യേകം രജിസ്റ്ററുകൾ ഉണ്ടാക്കുന്നതിന് എല്ലാ പള്ളികൾക്ക് കല്പന നൽകുന്നതിനും തീരുമാനിച്ചു.
വ്യത്യസ്തമായ മലങ്കര സഭയുടെ പ്രദേശങ്ങൾ മുഴുവൻ ഒരു മെത്രാപ്പോലീത്തായ്ക്ക് തനിച്ച് ഭരണം നടത്തുവാൻ പ്രയാസമാണെന്ന് ബോദ്ധ്യപ്പെട്ട ബാവാ മലങ്കരസഭയെ അങ്കമാലി, കൊച്ചി, കണ്ടനാട്, കൊല്ലം, നിരണം, തുമ്പമൺ, എന്നിങ്ങനെ ഏഴ് ഭദ്രാസനങ്ങളാക്കാൻ തീരുമാനിച്ചു. ഭദ്രാസന ഭരണങ്ങൾക്ക് വേണ്ടി മെത്രാപ്പോലീത്താമാരെയും വാഴിച്ചാക്കി. പരി. സഭയിൽ ജനാധിപത്യ സംവിധാനം നിലവിൽ വരത്തക്കവിധമുള്ള സുപ്രധാന തീരുമാനങ്ങൾക്കാരംഭം കുറിച്ച് ഭരണപരമായ കാര്യങ്ങൾക്ക് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ പട്ടക്കാരും, അത്മാക്കാരും ഉൾപ്പെടെ ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പരി. സഭയെ സംബന്ധിച്ചിടത്തോളം ഇന്ന് കാണുന്ന ജനാധിപത്യ സംവിധാനത്തിന്റെ ആരംഭം പരി. മുളന്തുരുത്തുരുത്തി സുന്നഹദോസിൽ നിന്നാണ്. അതുകൊണ്ട് തന്നെ മുളന്തുരുത്തി സുന്നഹദോസ് ആണ് സഭയുടെ ‘മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
മുളന്തുരുത്തി സുന്നഹദോസ് കഴിഞ്ഞിട്ട് 150 വർഷം പൂർത്തീകരിക്കാൻ പോകുന്നു. ഇത് യാക്കോബായ സഭയുടെ പൈതൃക വിശ്വാസ പിൻതുടർച്ചയുടേയും അഭിമാനത്തിന്റെയും നാളുകളാണ്. വിപുലമായ പരിപാടികളോടെ ഈ ശതോത്തര സുവർണ്ണ ജൂബിലി സെമിനാറുകൾ, സിമ്പോസിയങ്ങൾ, ശിൽപശാലകൾ, സഭാ തലത്തിൽ വിപുലമായ സമ്മേളനങ്ങൾ തുടങ്ങി 150 ഇന പരിപാടികളോടെ ഒരു വർഷം നീണ്ടു നിൽക്കത്തക്കവിധം ആഘോഷിക്കുവാൻ യാക്കോബായ സുറിയാനി സഭയുടെ പരി. സുന്നഹദോസും, സഭാ വർക്കിംഗ്- മാനേജിംഗ് കമ്മിറ്റിയും തീരുമാനിച്ചിരിക്കുന്നു.
മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു എന്നിവർ പ്രസംഗിച്ചു.
