
കോലഞ്ചേരി ● അത്യാധുനിക സംവിധാനങ്ങളോടുകൂടി ജീവിക്കുന്ന ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങൾ ദൈവകൃപയിലും പരിജ്ഞാനത്തിലും വളരുവാൻ സൺഡേ സ്കൂൾ പഠനം അത്യന്താപേക്ഷിതമാണെന്ന് യാക്കോബായ സുറിയാനി സഭ മീഡിയ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.
പാങ്കോട് സെന്റ് പീറ്റേഴ്സ് സൺഡേ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സൺഡേസ്കൂൾ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. പത്തു വർഷത്തിന് മുകളിൽ അദ്ധ്യാപനം നടത്തിയ നാൽപതിൽ പരം അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. മൺമറഞ്ഞു പോയ മുൻ അദ്ധ്യാപകരെയും പ്രധാന അദ്ധ്യാപകരെയും അനുസ്മരിച്ചു.
പാങ്കോട് സെന്റ് ജോർജ് & സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഡാർവിൻ ഏലിയാസ് അധ്യക്ഷത വഹിച്ചു. ഫാ. ബേസിൽ ജോസഫ്, സഭ വർക്കിങ് കമ്മിറ്റി മെമ്പറും മാർ ഗ്രിഗോറിയോസ് ക്രിസ്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ വർഗീസ്, സെക്രട്ടറി സാബു പീറ്റർ, ട്രസ്റ്റി ബോബി ജോൺ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ പി.വി, പ്രോഗ്രാം കോർഡിനേറ്റർ എൽദോ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.
ഒരു വർഷം നീണ്ടു നിന്ന ശദപ്തി ആഘോഷം NUHARO 2024 – 25 ന്റെ സമാപനം മാർച്ച് 2 ഞായർ വൈകിട്ട് 4.30 ന് നടക്കും. വർണശമ്പളമായ ശതാബ്ദി ആഘോഷ റാലിയോട് കൂടി ആരംഭിക്കുന്ന സമാപന സമ്മേളനം എം.ജെ.എസ്.എസ്എ പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തുടർന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള ദൈവാലയങ്ങളിലെ ഗായക സംഘങ്ങളെ ഉള്ക്കൊള്ളിച്ചു കൊണ്ട് അഖില മലങ്കര ആരാധനാ ഗീത മത്സരം നടത്തപ്പെടും.
അഖില മലങ്കര ആരാധനാ ഗീത മത്സരം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
