
കൊച്ചി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായായി മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര് ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായെ വാഴിക്കുന്ന ചടങ്ങില്‍ മലങ്കര സഭയില്‍ നിന്നു എഴുന്നൂറില്പരം വ്യക്തികൾ സംബന്ധിക്കും.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. ദൈവമാതാവിന്റെ വചനിപ്പുപെരുന്നാള്‍ ദിനമായ ഈ മാസം മാർച്ച് 25 ന് ലബനോൻ ബെയ്റൂട്ടിലെ സഭാ ആസ്ഥാനത്തിനു സമീപമുള്ള സെന്റ് മേരീസ് കത്തീഡ്രലില്‍ ഒന്നര മണിക്കൂര്‍ നീളുന്ന കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷ വൈകിട്ടു നാലു മണിക്ക് ആരംഭിക്കും.
ലബനോൻ പ്രസിഡന്റ് മിഖായേല്‍ ഔന്, കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ പോപ്പ് തവാദോറോസ് രണ്ടാമന്, അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ കാതോലിക്ക ആരാം ഒന്നാമന് ബാവ, മാരോനൈറ്റ് സഭാധ്യക്ഷന് കര്‍ദിനാള്‍ ബുദ്രോസ് അല്‍-റാഹി, ഗ്രീക്ക് ഓര്‍ത്തഡോക്സ് പ്രതിനിധി, സിറിയന്‍ കാത്തലിക് റീത്ത് സഭാധ്യക്ഷന്, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മോർ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ലബനോനിലെ വിവിധ മുസ്ലീം മത നേതാക്കൾ തുടങ്ങിയവരും കേന്ദ്ര മന്ത്രിസഭയുടെ പ്രതിനിധിയും സംബന്ധിക്കും. നവീകരിച്ച കത്തീഡ്രലിന്റെ കൂദാശ മാർച്ച് 24 നു നടക്കും. മാർച്ച് 26 നു മലങ്കരയിലെ മെത്രാപ്പോലീത്തമാരും സംബന്ധിക്കുന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭാ സുന്നഹദോസ് പാത്രിയര്‍ക്കീസ് ബാവയുടെ അധ്യക്ഷതയില്‍ നടക്കും. എണ്‍പതിൽ പരം മെത്രാപ്പോലീത്തമാരാണ് സുറിയാനി ഓർത്തഡോക്സ് സഭയിലുള്ളത്.
ഇതിനു മുമ്പ് ദമാസ്കസില്‍ വച്ചു ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കയെ വാഴിച്ചത് 2002 ജൂലൈ 26 നാണ്. ലോക ക്രൈസ്തവ സഭയുടെ പ്രഥമ സിനഡായ എ.ഡി. 325 ലെ നിഖ്യാ സുന്നഹദോസ് നിശ്ചയിച്ച പ്രകാരം പേര്‍ഷ്യയ്ക്ക് കിഴക്കുള്ള (ഇന്നത്തെ ഇറാന്) ഇന്ത്യയുള്‍പ്പെടുന്ന രാജ്യങ്ങളിലെ ക്രൈസ്തവരുടെ ആത്മീയ ഭരണത്തിനായി അന്തോഖ്യാ പാത്രിയര്‍ക്കീസിനു കീഴില്‍ നിയമിച്ചാക്കപ്പെട്ട പൗരാണിക സ്ഥാനിയാണ് കാതോലിക്ക (മഫ്രിയാന).

