
പുണ്യശ്ലോകനും പണ്ഡിത ശ്രേഷ്ഠനും പൗരസത്യ സുവിശേഷ സമാജത്തിന്റെ പ്രഥമ ഇടയനുമായിരുന്ന കടവിൽ ഡോ. മോർ അത്താനാസിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ 34-ാമത് ഓർമ്മ മാർച്ച് 6 ന് ആചരിക്കുന്നു.
1970 കളിൽ മലങ്കരയിൽ സഭയുടെ പ്രതിസന്ധി ഘട്ട ത്തിൽ വാഴിക്കപ്പെട്ട കടവിൽ പൗലോസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത 1915 ൽ വടക്കൻ പറവൂരിലെ സുപ്രസിദ്ധമായ കടവിൽ കുടുംബത്തിൽ ഭൂജാതനായി. ചെറുപ്പം മുതലെ സുവിശേഷ പ്രവർത്തനങ്ങളിലും ഭക്തി ജീവിതത്തിലും തല്പരനായിരുന്ന കെ.സി. പോൾ ആലുവ യു.സി. കോളേജിൽ നിന്നും ബി.എ. പാസ്സായി. 1938 ൽ മോർ യൂലിയോസ് ബാവായിൽ നിന്ന് കോറൂയോ പട്ടവും 1944 ൽ പരി. പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയിൽ നിന്ന് കശ്ശീശ പട്ടവും 1947 ൽ മോർ യൂലിയോസ് ബാവായിൽ നിന്ന് റമ്പാൻ സ്ഥാനവും സ്വീകരിച്ചു.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും എം.എ. ബിരുദം സമ്പാദിച്ചു. ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ മല്പാനായി പ്രവർത്തിച്ചു. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിലും എം.എ. ബിരുദം സമ്പാദിച്ചു. പിന്നീട് കേരള സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി. ഇംഗ്ലീഷിലും മലയാളത്തിലു ഈടുറ്റ അനേകം ഗ്രന്ഥങ്ങൾ, സുറിയാനിഭാഷ പണ്ഡിതനായിരുന്ന അദ്ദേഹം രചിച്ചിട്ടുണ്ട്. സുറിയാനിയിൽ നിന്നും മലയാളം, ഇംഗ്ലീഷ് ഭാഷകളിലേക്ക് പ്രാർത്ഥനാ ക്രമങ്ങൾ വി. കുർബ്ബാന തക്സാ എന്നിവയും സുറിയാനി ട്യൂണിൽ വി. കുർബ്ബാന ക്രമത്തിലെ ഗാനങ്ങൾ ഇംഗ്ലീഷിൽ വിവർത്തനം ചെയ്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ 30 ഓളം പുസ്തകങ്ങൾ രചിതാവാണ്.
പൗരസ്ത്യ സുവിശേഷസമാജം മിഷൻ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തെ 1973 സെപ്റ്റംബർ 1 ന് പരി. യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത എന്ന നിലയിൽ 1973 മുതൽ 1985 വരെ നേതൃത്വം നൽകി. തിരുമേനി ഇംഗ്ലീഷിൽ രചിച്ച പ്രബന്ധങ്ങൾ പിന്നീട് പുനഃപ്രസിദ്ധീരിക്കപ്പെട്ടിട്ടുണ്ട്. സഭാ ചരിത്ര വിദ്യാർത്ഥികൾക്ക് പഠനത്തിന് ഏറ്റവും സഹായകരമാണ് ഈ ഗ്രന്ഥങ്ങൾ.
തികഞ്ഞ സന്യാസ ജീവിതം നയിച്ചിരുന്ന തിരുമേനി 70 വയസ്സു തികഞ്ഞപ്പോൾ ഭരണകാര്യങ്ങളിൽ നിന്ന് വിരമിച്ച് ചെറിയ വാപ്പാലശ്ശേരിയിൽ വിശ്രമ ജീവിതം നയിച്ചു. 1991 മാർച്ച് 6 ന് കാലം ചെയ്ത് ചെറിയവാപ്പാലശ്ശേരി മോർ ഇഗ്നാത്തിയോസ്
യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങി.
