
അങ്കമാലി ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന അമ്പാട്ട് മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെ 134-ാം ഓർമ്മപ്പെരുന്നാൾ മാർച്ച് 9 ന് ആചരിക്കുന്നു. അങ്കമാലി അകപ്പറമ്പ് ഇടവകയിൽ അമ്പാട്ട് വടക്കൻ കുടുംബത്തിൽ 1834-ൽ തിരുമേനി ഭൂജാതനായി. പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവായിൽ നിന്ന് ശെമ്മാശപട്ടവും കശ്ശീശ പട്ടവും സ്വീകരിച്ചു.
1876 ഡിസംബർ 10 ന് വടക്കൻ പറവൂർ പള്ളിയിൽ വെച്ച് പരിശുദ്ധ പത്രോസ് നാലാമൻ പാത്രിയർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. പരിശുദ്ധ പരുമല തിരുമേനിയും ഇതോടൊപ്പമാണ് വാഴിക്കപ്പെട്ടത്. പല സ്ഥലങ്ങളിൽ ദൈവാലയങ്ങൾ സ്ഥാപിക്കുകയും പലർക്കും വൈദിക സ്ഥാനം നൽകുകയും ചെയ്തു. അമ്പാട്ട് തിരുമേനിയുടെ വാത്സല്യ ശിഷ്യന്മാരിൽ ഒരാളായിരുന്നു പരിശുദ്ധ വലിയ തിരുമേനി.
അങ്കമാലി ഭദ്രാസനത്തിന്റെ ആസ്ഥാനമാക്കണമെന്ന ആഗ്രഹത്തോടെ അന്ന് യാക്കോബായക്കാർ ആരും ഇല്ലാതിരുന്ന ആലുവായിൽ ഇന്ന് തൃക്കുന്നത്ത് സെമിനാരി ഇരിക്കുന്ന സ്ഥലവും അതിനു ചുറ്റുമുള്ള പുരയിടവും സമ്പാദിച്ചു. ആ സ്ഥലത്ത് ഒരു പള്ളി പണി ആരംഭിക്കുകയും അവിടെ 1899 ൽ ആദ്യ കുർബ്ബാന അർപ്പിക്കുകയും ചെയ്തു. അന്ന് പള്ളിയുടെ പണി പൂർത്തിയായിരുന്നില്ല. പുണ്യശ്ലോകനായ അമ്പാട്ട് തിരുമേനി 1891 മാർച്ച് 8 ന് കാലം ചെയ്ത് അങ്കമാലി സെൻ്റ് മേരീസ് പള്ളിയിൽ കബറടങ്ങി.
