
പുത്തൻകുരിശ് ● മലങ്കര സഭ എന്നത് ഓർത്തഡോക്സ് വിഭാഗം മാത്രമാണെന്നുള്ള വാദം അടിസ്ഥാനരഹിതമെന്നും മലങ്കര സഭയുടെ പള്ളികളും ഭൗതിക സൗകര്യങ്ങളും തിരികെ നൽകണമെന്ന ഓർത്തഡോക്സ് വിഭാഗത്തിൻ്റെ ആഹ്വാനം മലങ്കര സഭാ തർക്കം കലുഷിതമാക്കുവാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണെന്നും യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
മലങ്കര സഭ എന്നത് ഓർത്തഡോക്സ് വിഭാഗം വിവഷിക്കുന്ന തങ്ങളുടെ സഭ മാത്രമാണെന്നുള്ളത് ബഹു. സുപ്രീം കോടതി നിരാകരിച്ചിട്ടുള്ളതാണ്. കേരളാ ഗവൺമെന്റിന്റെ സെമിത്തേരി ബില്ലിലും 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയിലും ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിൽ വാദം വന്നപ്പോഴും മലങ്കര സഭ എന്നത് യാക്കോബായ, ഓർത്തഡോക്സ് എന്നീ രണ്ടു വിഭാഗങ്ങൾ ഉൾപ്പെടുന്നതാണെന്നും ഓർത്തഡോക്സ് വിഭാഗം മാത്രമല്ല മലങ്കരയിലെ സഭയെന്നും സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. മലങ്കരയിലെ ദൈവാലയങ്ങളും സ്വത്തുക്കളും യാക്കോബായ സഭയുടെ കൂടിയുള്ളതാണെന്ന് ബഹു. സുപ്രീം കോടതി അടിവരയിട്ട് സ്ഥിതീകരിച്ചിട്ടുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ, ഓർത്തഡോക്സ് സഭകൾ വ്യത്യസ്ത ആചാരവും വിശ്വാസവുമുള്ള സഭകളാണെന്ന് സുപ്രീം കോടതിയിൽ ഓർത്തഡോക്സ് വിഭാഗം സത്യവാങ്മൂലം നൽകിയിട്ടുണ്ട്. തുടർന്നുണ്ടായ സുപ്രീം കോടതി വിധി ഓർത്തഡോക്സ് വിഭാഗം അംഗീകരിച്ചതാണ്. സുപ്രീം കോടതി ഓർത്തഡോക്സ് വിഭാഗത്തോട് പള്ളി സെമിത്തേരിയിലും സ്ഥാപനങ്ങളിലും 1934 ഭരണഘടന അംഗീകരിക്കാൻ വിശ്വാസികളെ നിർബന്ധിക്കുകയില്ല എന്ന് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടപ്പോൾ യാക്കോബായ സഭയ്ക്കുള്ള അവകാശങ്ങൾ പൂർണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓർത്തഡോക്സ് വിഭാഗം കോടതിയിൽ സത്യവാങ്മൂലം നൽകിയതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
1995 ലെ സുപ്രീം കോടതി വിധിയിൽ മലങ്കര സഭ എന്നത് : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ സഭ, പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് പരമാധ്യക്ഷനായ സഭ, വി. പത്രോസിന്റെ ശ്ലൈഹീക പിന്തുടർച്ചയിൽ വിശ്വസിക്കുന്ന സഭ, പരി. പാത്രിയർക്കീസ് ബാവായുടെ അധികാരത്തിൽ കാതോലിക്ക കീഴ്സ്ഥാനിയായ സഭ എന്ന് വ്യക്തമാക്കുന്നുണ്ട്.
ഇപ്രകാരം 1995 ലെ കോടതി വിധിയിലെ സുപ്രധാന പരാമർശങ്ങൾ അനുസരിച്ച് യഥാർത്ഥ സഭ എന്നത് യാക്കോബായ സുറിയാനി സഭയാണ്. എന്നാൽ 1934 ലെ ഭരണഘടനയുടെ മറവിൽ രജിസ്റ്റർ ചെയ്ത ഒറിജിനൽ പോലും സാഷ്യപ്പെടുത്താതെ ഓർത്തഡോക്സ് വിഭാഗം സഹോദര സഭയെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നത് ക്രിസ്തീയയ്ക്ക് നിരക്കാത്ത പ്രവർത്തിയാണെന്നും ഇത് പൊതു സമൂഹത്തിന് ബോധ്യപ്പെട്ടതാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഭരണഘടനയുടെ ഒറിജിനൽ ഹാജറാക്കാൻ ബഹു. മുൻ കേരള ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യമായിട്ട് സുപ്രീം കോടതിയിൽ ഓർത്തഡോക്സ് വിഭാഗം സമീപിച്ചതും 1934 ഭരണഘടനയുടെ അന്തസത്ത പല സന്ദർഭങ്ങളിലായി കൃത്രിമം കാണിച്ച് ഇഷ്ടപ്രകാരം ദുർവ്യാഖ്യാനം നടത്തി പുനർക്രമീകരിച്ചതും ആത്മവഞ്ചനപരമാണെന്നും ഓർത്തഡോക്സ് വിഭാഗം ഇപ്പോൾ നടത്തുന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
രണ്ടു സഭകളെന്ന യാഥാർത്ഥ്യം പരസ്പരം ബോധ്യപ്പെട്ട് മുന്നോട്ട് പോകുമ്പോൾ ഓർത്തഡോക്സ് വിഭാഗം യോജിപ്പിനെ കുറിച്ച് പരാമർശിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന യോജിപ്പിൽ വഞ്ചന കാണിച്ച് സമാധാന അന്തരീക്ഷം കലുഷിതമാക്കിയത് ഓർത്തഡോക്സ് വിഭാഗമാണ്. പരി. പാത്രിയർക്കീസ് ബാവായെ അംഗീകരിച്ചതിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സഭാ വാദത്തോടെയും, മാർത്തോമാശ്ലീഹായുടെ സിംഹാസന വാദത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ സഭയെ പിളർപ്പിലേക്ക് നയിച്ച് സഭാ ഐക്യം ശിഥിലമാക്കുകയാണ് ഓർത്തഡോക്സ് വിഭാഗം ചെയ്തത്.
തുടർന്ന് അര നൂറ്റാണ്ട് കാലമായി രണ്ടു സഭകളെന്ന യാഥാർത്ഥ്യം ഉൾകൊണ്ട് രണ്ട് സഭാധ്യക്ഷൻമാരിലൂടെ വ്യത്യസ്ത സംവിധാനങ്ങളായി മുന്നോട്ട് പോകുകയാണ്. തർക്കങ്ങളൊക്കെ അവസാനിപ്പിച്ച് സഹോദരി സഭകളായി പരസ്പര സഹകരണത്തിലും സഹവർത്തിത്വത്തിലും പോകാനുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. മറിച്ച് കാതോലിക്ക വാഴ്ചയ്ക്കു എതിരെയും സഭയ്ക്കെതിരെ ദുഷ്പ്രചരണങ്ങൾ പ്രചരിപ്പിച്ചും സഭാ അന്തരീക്ഷം തകർക്കുവാനുള്ള ശ്രമങ്ങൾ ഓർത്തഡോക്സ് വിഭാഗം അവസാനിപ്പിക്കണമെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ബഹു. സുപ്രീം കോടതി പരിശുദ്ധ പാത്രിയർക്കീസ് ബാവായെ സഭാ തലവനായിട്ട് അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദേശി എന്നും വൈദേശിക ആധിപത്യം എന്നും പറഞ്ഞ് ആക്ഷേപിക്കുന്നത് ക്രിസ്തീയതയാണോ എന്ന് ഓർത്തഡോക്സ് വിഭാഗം മനസ്സാക്ഷിക്കനുസൃതമായി ചിന്തിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സഭാ സമാധാനത്തിന് വേണ്ടി ഗവൺമെൻ്റിൻ്റെ പിന്തുന്നയോടെ പരിശുദ്ധ ബാവ ചർച്ചകളിലൂടെ ശ്രമങ്ങൾ നടത്തുകയും, പ്രത്യേക കമ്മീഷനെ നിയോഗിക്കുകയും ഔദ്യോഗികമായി ഓർത്തഡോക്സ് വിഭാഗ നേതൃത്വത്തെ ചർച്ചകൾക്കായി ക്ഷണിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ സഭാ സമാധാനത്തിനു വേണ്ടി യാതൊരു മറുപടിയോ പ്രതികരണമോ നടത്താത ഇപ്പോൾ ഏക സഭയാണെന്നു പരാമർശിച്ച് യോജിപ്പിനെ കുറിച്ച് സംസാരിക്കുന്നത് നിരാശാജനകവും നിർഭാഗ്യകരമെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.
മലങ്കര സഭയിലെ ശാശ്വത സമാധാനമാണ് ഓർത്തഡോക്സ് വിഭാഗം വിഭാവനം ചെയ്യുന്നതെങ്കിൽ രണ്ടു സഭകളാണെന്നുള്ള യാഥാർത്ഥ്യം അംഗീകരിച്ച് കലഹങ്ങളും വ്യവഹാരങ്ങളും പള്ളി കൈയേറ്റങ്ങളും അവസാനിപ്പിച്ച് സഹോദരി സഭകളായി പരസ്പര സഹവർത്തിത്വത്തിലും സഹകരണത്തിലും മുന്നോട്ട് പോകുകയാണ് ഏറ്റവും അഭികാമ്യമെന്ന് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.

