
പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ഉയർത്തപ്പെടുന്ന മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലബനോനിലേക്ക് യാത്ര തിരിച്ചു.
സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോർ അഫ്രേം, കുര്യാക്കോസ് മോർ യൗസേബിയോസ്, ഏലിയാസ് മോർ അത്താനാസിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ് എന്നിവരും വൈദികരും സഭാ ഭാരവാഹികളും വിശ്വാസികളും ചേർന്ന് മലങ്കര മെത്രാപ്പോലീത്തായെ യാത്രയാക്കി. വിവിധ ദിവസങ്ങളിലായി മലങ്കരയിൽ വാങ്ങിപ്പോയ സുറിയാനി സഭയിലെ പുണ്യ പിതാക്കന്മാരുടെ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ദൈവാലയങ്ങൾ സന്ദർശിച്ച് പ്രാർത്ഥന നടത്തിയാണ് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാതോലിക്ക സ്ഥാനാരോഹണത്തിനായി ലബനോനിലേക്ക് പോയത്.
2025 മാർച്ച് 25 ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ലെബനോനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലാണ് കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ നടക്കുക. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലാണ് സ്ഥാനാരോഹണ ശുശ്രൂഷകൾ. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരടക്കം യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും ഇതര സഭകളിലെ മേലദ്ധ്യക്ഷൻമാർ, മെത്രാപ്പോലീത്തമാർ എന്നിവരും സഹകാർമികരാകും.
ലബനോൻ പ്രസിഡൻ്റ് ജനറൽ ജോസഫ് ഔൺ അടക്കം ലബനോനിലെ വിശിഷ്ട വ്യക്തികളും സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘവും കേന്ദ്ര മന്ത്രിസഭയുടെ പ്രതിനിധികളും കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി എഴുന്നൂറില്പരം വ്യക്തികളും ശുശ്രൂഷകളിൽ സംബന്ധിക്കും.






Will the program be telecast live? If so, on which site?
Is it 4pm O’ clock Lebanon time?
Will be available in JSC NEWS YouTube channel https://youtube.com/@jscnewsofficial?si=SMzH43Hk329JVw28