
പുത്തൻകുരിശ് ● മാർച്ച് 25 ന് ലബനോനിൽ നടക്കുന്ന കാതോലിക്ക വാഴ്ചയ്ക്ക് സംസ്ഥാന സർക്കാർ പ്രതിനിധി സംഘത്തെ അയക്കുന്നതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ ഓർത്തഡോക്സ് വിഭാഗം തുടർച്ചയായി നടത്തി കൊണ്ടിരിക്കുന്ന വാദങ്ങളുടെ അടിസ്ഥാനമില്ലായ്മയാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
ഇരുസഭകളാണെന്ന് സുപ്രീം കോടതി സത്യവാങ്മൂലം കൊടുത്തവർ വേറൊരു സഭയിലെ കാതോലിക്കയെ വാഴിക്കുന്നത് ബദൽ സംവിധാനമാണെന്ന് പറയുന്നത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ആത്മവഞ്ചനയാണ്.
1995 ലെ കോടതി വിധി അനുസരിച്ച് ആകമാന സുറിയാനി സഭയുടെ ഭാഗമായ അന്ത്യോഖ്യാ പാത്രിയർക്കീസ് പരമാദ്ധ്യക്ഷനായ സഭയാണ് മലങ്കരയിലെ യാക്കോബായ സുറിയാനി സഭ.
കാതോലിക്കായ വാഴിക്കുവാനുള്ളതായ അധികാരം പരിശുദ്ധ പാത്രിയർക്കീസ് ബാവയിൽ നിക്ഷിപ്തമാണെന്നുള്ളത് ചരിത്രപരമായ യാഥാർത്ഥ്യമാണ്. അഞ്ചാം നൂറ്റാണ്ടിൽ കാതോലിക്കേറ്റ് സ്ഥാപിച്ചതും പരിശുദ്ധ അന്ത്യോഖ്യാ പാത്രിയാർക്കീസാണ്. 1912 ൽ ഓർത്തഡോക്സ് വിഭാഗം ഒരു കാതോലിക്കയെ വാഴിച്ചപ്പോഴും അന്ത്യോഖ്യാ പാത്രിയർക്കീസിനെ കൊണ്ടുവന്നാണ് നിവർത്തിച്ചതെന്നുള്ള യാഥാർത്ഥ്യം ഓർക്കുന്നത് നല്ലതാണെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.
1995 മുതൽ ഇരു സഭകളും വ്യത്യസ്ത സഭാകളായിട്ടാണ് പ്രവർത്തിക്കുന്നതെന്ന കോടതിയിലെ സർക്കാരിൻ്റെ വാദം തത്ത്വത്തിൽ കോടതി അംഗീകരിച്ചതിന് തുല്യമാണ് ഇന്നത്തെ വിധി. സഭാ പ്രശ്നം സമാധാനപരമായി പരിഹരിക്കുവാൻ ബഹു. ഗവൺമെൻ്റിനുള്ളതായ സ്വാതന്ത്ര്യവും അവകാശവും ഇന്നത്ത കോടതി വിധിയിലൂടെ വീണ്ടും അടിവരയിട്ട് ഉറപ്പിക്കുന്നുവെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു. യാഥാർത്ഥ്യങ്ങൾ അംഗീകരിച്ച് കലഹത്തിന്റെയും വ്യവഹാരങ്ങളുടെയും മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് സഹോദരി സഭകളായി പരസ്പരം അംഗീകരിച്ച് മുന്നോട്ട് പോകുവാനുള്ള വിവേകം ഓർത്തഡോക്സ് നേതൃത്വം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ശാശ്വത സമാധാനത്തിനു വേണ്ടി സംസ്ഥാന സർക്കാർ നടത്തുന്ന നിയമ നിർമ്മാണ ശ്രമങ്ങൾ സ്വാഗതാർഹമെന്നുള്ള ഹൈക്കോടതി പരാമർശം പ്രതീക്ഷ നൽകുന്നതാണ്. മലങ്കര സഭാ തർക്കം ശാശ്വതമായും രമ്യമായും നിർമ്മാണത്തിലൂടെ പരിഹരിക്കുവാൻ സംസ്ഥാന സർക്കാരിന് ഇതിലൂടെ വഴി തെളിഞ്ഞിരിക്കുന്നതായി പ്രതീക്ഷിക്കുന്നുവെന്നും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
