ബെയ്റൂട്ട് ● പുതിയ കാതോലിക്കാബാവായുടെ അഭിഷേകം സമൂഹത്തിൽ ഐക്യവും സമാധാനവും ആത്മീയബലവും വ്യാപിപ്പിക്കാൻ സഹായിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ സന്ദേശം ലബനനിലെ വാഴിക്കലിനോടനുബന്ധിച്ചുള്ള ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വായിച്ചു.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഈ സുപ്രധാനനിമിഷം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക– ആത്മീയ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ്. സഭയോടുള്ള പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനും സാക്ഷ്യമാണു പുതിയ കാതോലിക്കാബാവായുടെ ജീവിതയാത്രയെന്നും വിദ്യാഭ്യാസ– സാമൂഹിക സേവനരംഗങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.