അച്ചാനെ (ലബനൻ) ∙ സ്വജീവിതത്തെ ഉയർത്തുകയല്ല, സ്നേഹത്തോടും വിനയത്തോടും ക്രിസ്തുവിന്റെ കുരിശ് ചുമക്കുകയാണു തന്റെ ദൗത്യമെന്നു ശ്രേഷ്ഠ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാബാവാ. അളവറ്റ ദൈവകൃപയ്ക്ക് ആഴമുള്ള നന്ദിയോടെ ഞാൻ നിങ്ങൾക്കുമുന്നിൽ വിനീതനായി നിൽക്കുന്നു. ദൈവസ്നേഹത്തിലും അറിവിലും സഭയോടുള്ള പ്രതിബദ്ധതയിലും പരിശുദ്ധ പാത്രിയർക്കീസ് ബാവാ എന്റെ വഴികളെ വെളിച്ചമുള്ളതാക്കുന്നു. ദുരന്തങ്ങളും യുദ്ധവും ഭീകരതയും ഇരകളാക്കുന്നവർക്കൊപ്പം ചേർന്നുനിൽക്കുന്നതിലും സമാധാനമില്ലാത്തിടത്ത് അതിനായി നിർഭയം ഇടപെടുന്നതിലും അദ്ദേഹം പ്രചോദനമാണെന്നു വാഴിക്കൽ ചടങ്ങിനു ശേഷമുള്ള പ്രസംഗത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവാ പറഞ്ഞു.
അയർലൻഡിലെ വേദശാസ്ത്രപഠനകാലത്തു സീനിയർ ആയിരുന്ന പാത്രിയർക്കീസ് ബാവായുമായി അന്നുമുതൽക്കുള്ള ബന്ധം, തന്നെ രൂപപ്പെടുത്തുന്നതിനും വിശ്വാസപാതയിൽ സ്ഥിരപ്പെടുത്തുന്നതിനും കാരണമായെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ മുൻതലമുറക്കാരനായ പരിശുദ്ധ പരുമല തിരുമേനിയുടേതടക്കം തനിക്കു വെളിച്ചം പകർന്ന സഭയിലെ പരിശുദ്ധൻമാരെ കാതോലിക്കാബാവാ അനുസ്മരിച്ചു.
രാജ്യത്തിന്റെ മഹത്തായ പൈതൃകത്തോടും സഹിഷ്ണുതയോടും ബഹുസ്വരതയോടും മതനിരപേക്ഷതയോടും പൗരനെന്ന നിലയിലുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത ശ്രേഷ്ഠ കാതോലിക്കാബാവ ഉറപ്പിച്ചു പറഞ്ഞു. പ്രസംഗത്തിനിടെ ജയ്ഹിന്ദ് മുഴക്കി അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിവാദ്യം ചെയ്തു.അഭിഷേകചടങ്ങിന് ലബനൻ സർക്കാരിന്റെ സഹകരണത്തിന് നന്ദി പറഞ്ഞ കാതോലിക്കാബാവാ ആ രാജ്യത്തിന്റെ സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി പ്രാർഥിക്കുമെന്നും പറഞ്ഞു.