മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക പദവിയിലേക്കു ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത ഇന്നലെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായാല്‍ ബെയ്റൂട്ടിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് ഉയര്‍ത്തപ്പെട്ടു.
കുടുംബപാരമ്പര്യത്തില്‍, പരിശുദ്ധ ചാത്തുരുത്തിയില്‍ ഗീവര്‍ഗീസ് മോര് ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ (പരുമല) നാലാം തലമുറക്കാരനാണ് അദ്ദേഹം. പതിമൂന്നാം വയസില്‍ പുരോഹിതനായ അദ്ദേഹം വൈദികവേലയുടെ അഞ്ചു ദശാബ്ദം പിന്നിട്ടാണിപ്പോള് കാതോലിക്ക പദവിയിലെത്തുന്നത്.
ഇന്ത്യയിലെ യാക്കോബായ സമൂഹം മാത്രമല്ല, എല്ലാ ജനവിഭാഗവും അദ്ദേഹത്തെ ആദരിക്കുന്നു; സ്ഥാനാരോഹണത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. മതരംഗത്ത് മാത്രമല്ല, സാമൂഹിക, സാംസ്കാരിക മേഖലയിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലമതിക്കാനാവില്ല. ഒരു മതത്തിന്റെ ആചാര്യനായിരിക്കുമ്പോഴും എല്ലാവിഭാഗം ജനത്തേയും ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിയുന്നു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ പിന്‍ഗാമിയായാണു ജോസഫ് മോര് ഗ്രിഗോറിയോസ് ആഗോള സുറിയാനി ഓര്‍ത്തഡോക്സ് (യാക്കോബായ) സഭയുടെ കാതോലിക്കയായി ഉയര്‍ത്തപ്പെട്ടത്.
നിരവധി വിദ്യാലയങ്ങളും സേവനപ്രസ്ഥാനങ്ങളും അദ്ദേഹം പടുത്തുയര്‍ത്തി, ഈ രംഗത്തു മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്നു.
തന്റെ മെത്രാഭിഷേക വാര്‍ഷികത്തോടനുബന്ധിച്ചു നിര്‍ധന യുവതികളുടെ വിവാഹം നടത്തി. മുളന്തുരുത്തി ഗവ. ആശുപത്രിയോടു ചേര്‍ന്ന് ആലംബഹീനര്‍ക്കായി പെയ്ന് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ സൗജന്യമായി തിരുമേനിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗജന്യ പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമായി തൃപ്പൂണിത്തുറ എരൂര്‍ ജെയ്നി സെന്റര്‍ മാതൃകാകേന്ദ്രമാണ്.
2018 ലെയും 2019 ലെയും പ്രളയദുരന്ത സമയത്തു സര്‍ക്കാരുമായി ചേര്‍ന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വവും കൈത്താങ്ങും നല്കിയതു ശ്രദ്ധിക്കപ്പെട്ടു. കോവിഡ് കാലത്തു നൂറുകണക്കിനു കുടുംബങ്ങള്‍ക്കു സഹായങ്ങള്‍ എത്തിക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് മരണങ്ങളില്‍ മൃതസംസ്കാരത്തിനുമായി യുവജനങ്ങളുടെ സന്നദ്ധസേനയ്ക്കു രൂപം നല്കി.
അജപാലന ദൗത്യത്തോടൊപ്പം തിരുമേനി ആരംഭിച്ച താബോര്‍ ഹൈറ്റ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും മെട്രോപ്പോലീത്തന്‍ പൂവര്‍ റിലീഫിന്റേയും ആഭിമുഖ്യത്തില്‍ നിരവധി സാധുജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.
1995 ല്‍ കേരള ഹൗസിങ് ബോര്‍ഡുമായി സഹകരിച്ചു മുളന്തുരുത്തി വെട്ടിക്കലുള്ള പട്ടികജാതി കോളനി ഏറ്റെടുത്ത് എല്ലാവര്ക്കും വീടും മറ്റു സൗകര്യങ്ങളും നല്കി. ഭവനപദ്ധതികളുടെ തുടര്‍ച്ചയായി അനേകം വീടുകള്‍ ജാതിമത ഭേദമന്യേ വിവിധ സ്ഥലങ്ങളില്‍ ഭവനരഹിതര്‍ക്കു നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി 2014 ല്‍ തിരുമേനി ആരംഭിച്ച സുരക്ഷിത ഭവനപദ്ധതി പ്രകാരം ഫ്ളാറ്റ് മാതൃകയില്‍ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയതുള്‍പ്പെടെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നൂറോളം വീടുകള്‍ നിര്മ്മിച്ചുനല്കി.
പാവപ്പെട്ടവര്‍ക്കായി സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുകയും പിന്നീട് ഈ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ തുടര്‍ന്നു. വിദ്യാഭ്യാസ സഹായങ്ങള്‍ വിവിധ മേഖലയില്‍ നല്‍കുന്നതോടൊപ്പം നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു നഴ്സിങ് സ്കോളര്‍ഷിപ്പും നല്കിവരുന്നു. അര്‍ഹരായ രോഗികള്‍ക്ക് ചികിത്സാസഹായം ഉള്‍പ്പെടെ, മുളന്തുരുത്തി ഗവ. ആശുപത്രിയില്‍ എല്ലാദിവസവും രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും രാത്രിഭക്ഷണം വര്‍ഷങ്ങളായി സൗജന്യമായി നല്കിവരുന്നു.
യാക്കോബായ സമൂഹവുമായും നവാഭിഷിക്തനായ ബസേലിയോസ് ജോസഫ് ബാവയുമായും വളരെക്കാലമായുള്ള ആത്മബന്ധം മംഗളം കുടുംബത്തിനുണ്ട്. പുതിയ നിയോഗം സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനാകെ പുരോഗതിയുടേയും മാനവികതയുടേയും നവവെളിച്ചമാകാന് സാധിക്കട്ടെ.
എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ബാവയ്ക്ക് ദൈവജനത്തിന്റെ മുഴുവന്‍ സഹകരണം പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന് ആവശ്യമാണ്.
സഭാതര്‍ക്കം പരിഹരിക്കുകയെന്ന വെല്ലുവിളി അദ്ദേഹത്തിനു മറികടക്കാനാവുമെന്നു വിശ്വസിക്കുന്നവരാണ് ഏറെയും. തന്റെ കഴിവില്‍ ആശ്രയിച്ചിട്ടല്ല, എല്ലാവരുടെയും സഹകരണത്തില്‍ ആശ്രയിച്ചാണു താന്‍ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറയാറുണ്ട്. പ്രതിസന്ധികള്‍ ഒന്നിന്റെയും അവസാനമല്ല എന്ന വിശ്വാസം പ്രശ്നങ്ങള്‍ക്കു മുന്നില്‍ നില്ക്കുമ്പോള് അദ്ദേഹത്തിനു തുണയാവട്ടെ.
ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുമൊത്തുള്ള സേവനം അദ്ദേഹത്തിനു വലിയ അനുഭവ സമ്പത്താണു പകര്‍ന്നു നല്‍കിയിട്ടുള്ളത്. വിഖ്യാതരായ ബാവാമാരുടെ പിന്‍ഗാമിയായി സ്ഥാനമേറ്റ മോർ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ സഭാ തലവനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായാണ് പൊതുസമൂഹം കാണുക. മികച്ച വാഗ്മിയും ഭരണകര്‍ത്താവും കൂടിയായ അദ്ദേഹത്തിന്റെ പരിചയസമ്പന്നതയും ലാളിത്യവും സൗഹൃദവും പ്രവര്‍ത്തന മേഖലയില്‍ മുതല്‍ക്കൂട്ടാവട്ടെ.