ദൈവാനുഗ്രഹത്തിൻ്റെയും അവിടുത്തെ പരിപാലനയുടെയും വിസ്മയനീയമായ വഴികളിൽ, ആകമായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രി യർക്കീസ് ബാവാ തിരുമനസ്സിൻ്റെ തൃക്കയ്യാൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായായി എത്രയും വാൽസല്യനിധിയായ അഭിവന്ദ്യ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഉയർത്തപ്പെട്ടതിൽ ദൈവത്തെ സ്തുതി ക്കുന്നു. “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലാ” (റോമ 5:5) എന്ന വി. പൗലോസ് അപ്പസ്തോലൻ്റെ ഓർമ്മപ്പെടുത്തൽ ഇത്തരുണത്തിൽ എത്രയോ അർത്ഥവത്താണ്.
പരിശുദ്ധ പരുമല തിരുമേനിയുടെ കുടുംബത്തിൽ നിന്ന് യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ കടന്നു വന്നത് ദൈവ പദ്ധതിയുടെ ഭാഗവും ദൈവ പരിപാലനയുടെ വ്യക്തമായ അടയാള വുമാണ്. ഇത്തരുണത്തിൽ നവാഭിഷിക്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ തിരുമേനിക്കും യാക്കോബായ സുറിയാനി സഭാ സമൂഹത്തിനും മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ അഭിവന്ദ്യ പിതാക്കന്മാരുടേയും, ബഹു. വൈദികരുടേയും സന്യസ്തരുടേയും വിശ്വാസിസമൂഹത്തിന്റേയും ആശംസകളും പ്രാർത്ഥനകളും ഹൃദയപൂർവ്വം നേരുന്നു.
ശ്രേഷ്ഠ ബാവ തിരുമേനി ബാംഗ്ലൂർ ക്യൂൻസ് മേരി റോഡിലെ ദൈവാ ലയത്തിൽ പൗരോഹിത്യ ശുശ്രൂഷ നടത്തുന്ന കാലം മുതൽ ഇന്നുവരെ സഹോദര തുല്യമായ കരുതലും സ്നേഹവും പ്രകടമാക്കിയിട്ടുള്ള ഒരു വ്യക്തിത്വമാണ്. ബാംഗ്ലൂർ ക്യൂൻസ് മേരി റോഡിലെ ദൈവാലയ കൂദാശയിൽ ഞാനും സംബന്ധിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ചോർക്കുമ്പോൾ പരിശുദ്ധാന്മാവ് ഓർമ്മിപ്പിക്കുന്നത് ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത സവിശേഷമായ ഒരു ദൈവ വചനമാണ്: “ഇടയനെ പ്പോലെ അവിടുന്ന് തൻ്റെ ആട്ടിൻകൂട്ടത്ത മേയിക്കുന്നു. അവിടുന്ന് ആട്ടിൻകുട്ടികളെ കരങ്ങളിൽ ചേർത്തു മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു’ (ഏശയ്യാ 40:11) ശ്രേഷ്ഠ ബാവാ തിരുമേനി തന്റെ സമർപ്പണത്തിലൂടെയും പ്രവർത്തന ശൈലിയിലൂടെയും ഈ വേദവാക്യം നിവർത്തിയാക്കുന്നു. ഏറെ പ്രസന്നവദനനായി, പിതൃവാൽസല്യത്തോടെ ഏവരെയും എപ്പോഴും ചേർത്ത് നിർത്തുന്ന ഒരു മഹദ് വ്യക്തിയായ ശ്രേഷ്ഠ ബാവ ഒരു പുതു നിയോഗത്തിലേക്കാണ് ഉയർ ത്തപ്പെട്ടിരിക്കുന്നത്.
1994-ൽ ശ്രേഷ്ഠാചാര്യ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതു മുതൽ സഭയുടെ വിവിധ തലങ്ങളിൽ അദ്ദേഹം പ്രവർത്തിക്കുകയും ദൈവകരങ്ങളിലെ ഉപകരണമാവുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ സെക്രട്ടറി, എക്യുമെനിക്കൽ വേദികളിലെ സഭയുടെ പ്രതിനിധി, നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റി, വിവിധ ഭദ്രാസനങ്ങളുടെ അധ്യക്ഷൻ തുടങ്ങി ഒട്ടേറെ ശുശ്രൂഷാ മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു എന്നത് ഏറെ അഭിമാനകരമാണ്. ഈ പരിചയ സമ്പത്ത് വന്ദ്യപിതാവിന്റെറെ തുടർന്നുള്ള പ്രവർത്തന മണ്ഡലങ്ങളിൽ ഏറെ സഹായകരമാകും എന്നതിൽ സംശയമില്ല.
ശ്രേഷ്ഠ കാതോലിക്കാ ബാവാ തിരുമേനി ഏറ്റെടുക്കുന്ന ഈ പദവി ഏറെ ക്ലേശകരവും വെല്ലുവിളികൾ നിറഞ്ഞതുമാണെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ പറയേണ്ടതില്ലല്ലോ. ആ വെല്ലുവിളികളെല്ലാം ദൈവനടത്തിപ്പിൽ ദൈവഹിതാനുസരണം അഭിമുഖീകരിക്കാനുള്ള ദൈവകൃപയ്ക്കായി ഞങ്ങളേവരും ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു. മലങ്കര യാക്കോബായ സുറിയാനി സഭ ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹ ചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനാരോ ഗ്യകാലത്തും വളരെ ഊർജ്ജസ്വലതയോടും പക്വതയോടും സമചിത്തതയോടും പരിശുദ്ധ പാത്രിയാർക്കീസ് ബാവായോട് ചേർന്നു നിന്ന് സഭാസമൂഹത്തിന് കൃപാപൂർണമായ നേതൃത്വം നൽകുന്നതിനും മലങ്കര മെത്രാപ്പോലീത്താ എന്ന നിലയിൽ സാമൂഹ്യ സാംസ്കാരിക ഇടപെടലുകൾ നടത്തുന്നതിനും ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവാ തിരുമേനിക്ക് സാധിച്ചിട്ടുണ്ട്. ഇവയെല്ലാം അദ്ദേഹത്തിൻ്റെ ശ്രേഷ്ഠ കാതോലിക്ക എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ബലവും ആത്മവിശ്വാസവും പ്രദാനം ചെയ്യുമെ ന്നതിൽ സംശയമില്ല. സഭയുടെ അഭൂതപൂർവ്വമായ വളർച്ചയുടെ പിന്നിൽ ബാവാ തിരുമേനിയുടെ ക്രാന്തദർശിത്വം പ്രകടമാണ്. സഹോദരീ സഭകളോടും ഇതര മതവിഭാഗങ്ങളോടും സമുദായങ്ങളോടും രാഷ്ട്രീയ നേതൃത്വത്തോടും പൊതു സമൂഹത്തോടും വളരെ ആദരവോടും സ്നേഹത്തോടും കൂടിയാണ് അദ്ദേഹം ഇടപെടുന്നത്. വിദ്യാഭ്യാസ സാമൂഹ്യ ആതുരശുശ്രൂഷാ മേഖലകളിൽ ഊർജ്ജസ്വലമായ ഇടപെടലുകളാണ് ശ്രേഷ്ഠ ബാവ നടത്തുന്നത്.
വ്യക്തിപരമായി എന്നോടും സഭാത്മകമായി മലങ്കര സുറിയാനി കത്തോലിക്കാ സഭയോടും എന്നും വലിയ സ്നേഹവും ബന്ധവും ആദരവും പങ്കുവയ്ക്കുന്ന വ്യക്തിയാണ് ശ്രേഷ്ഠ കാതോലിക്കാ ബാവാ തിരുമേനി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ യെല്ലാം വലിയ സന്തോഷത്തോടെ അദ്ദേഹം നോക്കിക്കാണുകയും വലിയ താൽപര്യം ഈ സഭയോട് എപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരുസഭകളും ക്രിസ്തുവിൻ്റെ ശരീരത്തി ന്റെ ഭാഗമെന്ന നിലയിൽ വലിയ ബന്ധത്തിലും സ്നേഹത്തിലും വളരുവാൻ നിസ്വാർത്ഥമായ ആഗ്രഹം അദ്ദേഹം എപ്പോഴും മനസിൽ സൂക്ഷിക്കുന്നു, അതു പ്രകടിപ്പിക്കുന്നു. മലങ്കര സുറിയാനി കത്തോലിക്ക സഭയോടു മാത്രമല്ല സഹോ ദരീ സഭകളോടെല്ലാം അദ്ദേഹം പുലർത്തുന്ന തുറവിയും ആദരവും ഏറെ ശ്ലാഘനീയമാണ്. ഒരു സഭാസ്നേഹിയായിരിക്കുന്നതു പോലെ തന്നെ ഒരുത്തമ മനുഷ്യസ്നേഹിയുമാണ് അദ്ദേഹം. അതിനുള്ള വലിയ തെളിവാണ് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിലേക്ക് കണ്ണും കാതും തുറന്നു വച്ചിരിക്കുന്ന അദ്ദേഹത്തിന് കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാതിരിക്കാൻ കഴിയുകയില്ല. ദൈവത്തേയും മനുഷ്യ രേയും ഒന്നുപോലെ സ്നേഹിച്ച് കർതൃവചനം നിറവേറ്റി അദ്ദേഹം സഭാഗാത്രത്തിലെ വിശിഷ്ടവും വിലപ്പെട്ടതുമായ രത്നമായിത്തീർന്നിരി ക്കുന്നു.
സഭാ ശുശ്രൂഷയിൽ ഏറെ പരിചയസമ്പത്തും നേതൃപാടവവും ഉള്ളയാളാണ് അഭിവന്ദ്യ ബാവാ തിരുമേനി. ഈ ഗുണവിശേഷങ്ങളുടെ പിൻബല ത്തിൽ, പരിശുദ്ധാത്മ നിറവിൽ നൂതനങ്ങളായ പ്രവർത്തനങ്ങളിലൂടെ സഭയെ മുന്നോട്ടു നയിക്കുന്നതിന് അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. സ്നേഹമസൃണമായ പെരുമാറ്റവും ലളിതമായ ജീവിതശൈലിയും പ്രാർത്ഥനയിലൂടെ തനിക്കു ലഭിച്ച ദൈവിക അഭിഷേകവും സഭാമക്കൾക്കു മാത്രമല്ല സമൂഹത്തി നുമുഴുവനായി പകർന്നുകൊടുക്കുവാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. സഹോദരീ സഭകളുമായും ഇതരസഭാവിഭാഗങ്ങളുമായും അർത്ഥപൂർണമായ ആശയവിനിമയം നടത്തുന്നതിനും സഹകരിച്ചു പ്രവർത്തിക്കുന്നതിനും വളരെ സന്മനസ്സുള്ള ആളാണ് അഭിവന്ദ്യ ബാവാ തിരുമേനി. മലങ്കര യാക്കാബോയ സുറിയാനി സഭയുടെ ഭാരതത്തിലെ അദ്ധ്യക്ഷൻ എന്ന നിലയിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ തിരുമേനിയുടെ ഗ്ലൈഹിക ശുശ്രൂഷയിൽ, സഹോദരീ സഭയായ മലങ്കര ഓർത്തഡോക്സ് സഭയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് സമാധാനപൂർണ്ണമായി ഇരു സഭകളും സുവിശേഷാത്മക സഭാജീവിതം നയിക്കുന്നതിന് പരിശുദ്ധാത്മ നിറവും അഭിഷേകവും കൂടുതലായി അങ്ങേയ്ക്ക് ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയായി ഞങ്ങൾ സഭൈക്യത്തിനായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന ശ്രേഷ്ഠ ബാവായ്ക്ക് എൻ്റെ വ്യക്തിപരമായ ആദരവും സ്നേഹവും പ്രാർത്ഥനാശംസകളും നേരുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു. സന്തോഷ നിമിഷത്തിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം പാത്രിയർക്കീസ് ബാവ തിരുമേനിയെയും, മലങ്കര യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യ പിതാക്കന്മാരെയും, ബഹു. വൈദികരെയും സന്യസ്തരെയും വിശ്വാസികളേവരെയും ഞാൻ അഭിനന്ദിക്കുകയും സ്നേഹവും പ്രാർത്ഥനകളും അറിയിക്കുകയും ചെയ്യുന്നു. സർവ്വശക്തനും നിത്യനുമായ ദൈവം തമ്പുരാൻ ഏവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!