മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അത്യുന്നത പദവിയായ ശ്രേഷ്ഠ കാതോലിക്കായായി മോർ ബസേലിയോസ് ജോസഫ് ബാവാ തിരുമേനി സ്ഥാനാരോഹിതനായതിൽ സന്തോഷിക്കുകയും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സ്നേഹപൂർവ്വവും പ്രാർത്ഥനാനിർഭരവുമായ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.
ഭാഗ്യസ്മരണീയനായ പരുമല തിരുമേനിയുടെ പിൻതലമുറക്കാരനായ ഈ പിതാവ് ആ ശ്രേഷ്ഠ പൈതൃകത്തിൻ്റെ നാളുകൾ ജീവിതത്തിൽ സാംശീകരിച്ചു ശുശ്രൂഷാ സരണി പ്രശോഭിതമാക്കുന്നു എന്നത് അനുഗ്രഹകരമാണ്. ശ്രേഷ്ഠമായ നിലയിൽ ഉന്നതവിദ്യാഭ്യാസം നേടുകയും തുടർന്ന് പൗരോഹിത്യശുശ്രൂഷയിലേക്ക് പ്രവേശിക്കുകയും ചെയ്ത് മേൽപ്പട്ട സ്ഥാനത്ത് മുപ്പത് വർഷം അനുഗ്രഹകരമായ ശുശ്രൂഷ നിർവ്വഹിച്ചു. രണ്ടു പതിറ്റാണ്ടുകാലത്തോളം യാക്കോബായ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഭാഗ്യ സ്മരണീയനായ ബസേലിയോസ് തോമസ് പ്രഥമൻ ശ്രേഷ്ഠ കാതോലിക്ക ബാവ തിരുമേനിക്ക് ശക്തമായ പിന്തുണയാണ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ നൽകിയത്. സഭ നേരിടുന്ന പ്രയാസങ്ങളെ ധീരമായി അഭിമുഖീകരിച്ച് സഭയ്ക്ക് നേതൃത്വം നൽകുന്നു. തിരമാലകളാൽ പ്രക്ഷുബ്ദമായ സാഗരത്തിൽ തെല്ലും ആശങ്കപ്പെടാതെ തീരം തെളിയ്ക്കുന്ന അമരക്കാരനെപ്പോലെയാണ് നവാഭിഷിക്ത ശ്രേഷ്ഠ ബാവ തിരുമേനി സഭാ നൗകയെ നയിക്കുന്നത്. മെത്രാ പ്പോലീത്തൻ ട്രസ്റ്റിയായും കാതോലിക്കോസ് അസിസ്റ്റന്റായും സുന്നഹദോസ് അധ്യക്ഷനായും ചലനാത്മകമായ നേതൃത്വമാണ് യാക്കോബായ സഭയ്ക്ക് ശ്രേഷ്ഠ ബാവ നൽകി വരുന്നത്.
എക്യുമെനിക്കൽ മേഖലകളിലും സജീവവും ശ്രേഷ്ഠവുമായ നേതൃത്വം നൽകുന്നു. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ട്രസ്റ്റിൽ അംഗമായി പ്രവർത്തനങ്ങൾക്ക് ധന്യമായ നേതൃത്വമാണ് നല്കിക്കൊണ്ടിരിക്കുന്നത്.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുമായി ഉറ്റ സ്നേഹബന്ധം കാത്തു സൂക്ഷിക്കുന്ന ശ്രേഷ്ഠ ബാവ സഭയുടെ സുപ്രധാനമായ സമ്മേളനങ്ങളിൽ ക്ഷണിക്കുമ്പോൾ വന്ന് അനുഗ്രഹകരമായ പ്രഭാഷണങ്ങൾ നടത്തുന്നു എന്നത് നന്ദിപൂർവ്വം ഓർക്കുന്നു. മാർത്തോമ്മാ മെത്രാപ്പോലീത്തയായി ഞാൻ സ്ഥാനാരോഹണം ചെയ്യപ്പെട്ടതിനെ ത്തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ ബസേലിയോസ് ജോസഫ് ബാവ തിരുമേനി പ്രചോദനാത്മകമായ പ്രഭാഷണം നടത്തി ആശംസകൾ നേർന്നത് കടപ്പാടോടുകൂടെ സ്മരിക്കുന്നു. മാരാമൺ കൺവൻഷനിൽ നിരവധി പ്രാവശ്യം പങ്കെടുത്ത് നേതൃത്വം നൽകിയിട്ടുണ്ട്. മാർ ത്തോമ്മാ സഭയുടെ പരമാധ്യക്ഷ ന്മാരായിരുന്ന ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നീ ഭാഗ്യസ്മരണീയരായ തിരുമേനിമാരോടും സഭയിലെ മറ്റു തിരുമേനിമാരോടും ആഴമായ സൗഹൃദം പുലർത്തുകയും മാർത്തോമ്മാ സഭയുടെ വിവിധ തലങ്ങളിലുള്ള പരിപാടികളിൽ നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
കൊച്ചി ഭദ്രാസനത്തിൻ്റെ ബഹുമുഖമായ അത്യുന്നതിക്കായി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് സമസ്ത തലങ്ങളിലുമുള്ളവുടെ ഉദ്ധാരണത്തിന് നല്കിക്കൊണ്ടിരിക്കുന്ന നേതൃത്വം അത്യന്തം മഹനീയവും ശ്രേഷ്ഠവുമാണ്. ഇടയ ശുശ്രൂഷയോടൊപ്പം വിവിധ ജീവകാരുണ്യ, സഹായ പദ്ധതികളിലൂടെ സമൂഹത്തിലെ നിർധനരും അശരണരുമായ സാധുജനങ്ങളെ സംരക്ഷിക്കുന്നതിനും ബാവാ തിരുമേനി ശ്രദ്ധിക്കുന്നു.
ഹൃദ്യവും ആകർഷകവുമായ പെരുമാറ്റം, പ്രഭാഷണ ചാതുര്യം, സാധുക്കളോടുള്ള കരുതൽ എന്നിവയാൽ ഏവർക്കും താത്പര്യമുള്ള പിതാവാണ് മോർ ബസേലിയോസ് ജോസഫ് ബാവാ തിരുമേനി. വിദ്യാഭ്യാസ മേഖലയിലും നിരാലംബ സമൂഹത്തിന്റെ ഉദ്ധാരണ ത്തിനായുള്ള സേവന പ്രവർത്തനങ്ങളിലും ദർശനവ്യക്തതയോടുകൂടെയുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചതിലൂടെ അനേകർക്ക് സ്നേഹ സാന്ത്വനമാകുവാൻ ബാവയ്ക്ക് സാധിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളോടും വളരെ ഹൃദ്യമായി ഇടപെടുന്നു. ആദ്ധ്യാത്മിക നേതാക്കളും പൊതുപ്രവർത്തകരും ആ സ്നേഹവലയത്തിൽ ഉൾപ്പെടുന്നു.
സത്യാനന്തര കാലത്ത് സഭകളും സമൂഹവും ഏറെ പ്രതിസന്ധികൾ നേരിടുന്നു. ഈ കാലഘട്ടത്തിൽ ശുശ്രൂഷ ചെയ്യാനുള്ള നിയോഗം വെല്ലുവിളി നിറഞ്ഞതാണെന്നതിന് സംശയമില്ല. ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിന് എല്ലാവരും ഐക്യത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. സഭയിലും സമൂഹത്തിലും നീതിയും സമാധാനവും സൗഹൃദവും പുലരുന്നതിന് ശക്തമായ നേതൃത്വം നൽ കുവാൻ ബാവയെ ദൈവം ശക്തീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവാ തിരുമേനിയുടെ പുതിയ സ്ഥാനലബ്ദി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്കു മുഴുവൻ ആഹ്ലാദവും പുത്തനുണർവും പ്രചോദനവും നൽകും. അഭിവന്ദ്യ പിതാവിനും മലങ്കര യാക്കോബായ സുറിയാനി സഭയ്ക്കും എല്ലാ നന്മകളും പ്രാർത്ഥനാശംസകളും അറിയിക്കുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത