
കോതമംഗലം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കാതോലിക്കയായി വാഴിക്കപ്പെട്ട ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് ഇന്ന് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ സ്വീകരണം നൽകി. കാതോലിക്കാ സ്ഥാനാരോഹിതനായതിനു ശേഷം ആദ്യത്തെ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നത് വേണ്ടിയാണ് ശ്രേഷ്ഠ ബാവ കോതമംഗലത്ത് എഴുന്നള്ളി വന്നത്.
ഇന്ന് രാവിലെ 6:30 ന് പള്ളി അങ്കണത്തിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവയ്ക്ക് അഭിവന്ദ്യ പിതാക്കന്മാരുടെയും, വന്ദ്യ വൈദികരുടെയും, പള്ളി ഭരണസമിതിയുടെയും, ഭക്ത സംഘടനകളുടെയും, വിശ്വാസികളുടെയും നേതൃത്വത്തിൽ സ്നേഹനിർഭരമായ സ്വീകരണം നൽകി. തുടർന്ന് ശ്രേഷ്ഠ ബാവയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടത്തപ്പെട്ടു. അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ്, അഭിവന്ദ്യ മാത്യൂസ് മോർ തിമോത്തിയോസ് എന്നീ മെത്രാപ്പോലീത്തന്മാർ സഹകാർമികത്വം വഹിച്ചു. അഭിവന്ദ്യ മർക്കോസ് മോർ ക്രിസ്റ്റോഫോറോസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു.
തുടർന്ന് പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ കബറിടത്തിൽ നടന്ന ധൂപ പ്രാർത്ഥനയ്ക്ക് ശേഷം അനുമോദനയോഗം നടത്തി.
ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ ആന്റണി ജോൺ, പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി, കോതമംഗലം മുനിസിപ്പാലിറ്റി ഭാരവാഹികൾ, മതമൈത്രി ഭാരവാഹികൾ തുടങ്ങിയവർ അനുമോദന യോഗത്തിൽ സംബന്ധിച്ചു. തുടർന്ന് ശ്രേഷ്ഠ ബാവയ്ക്ക് കോതമംഗലം ചെറിയ പള്ളിയുടെ ഉപഹാരം വന്ദ്യ വൈദിക ശ്രേഷ്ഠരും, പള്ളിയുടെ ഭാരവാഹികളും ചേർന്ന് നൽകി.















