
സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറിയുമായിരുന്ന പുണ്യശ്ലോകനായ കുര്യാക്കോസ് മോർ യൂലിയോസ് മെത്രാപ്പോലീത്തായുടെ 14-ാമത് ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 9 ന് ആചരിക്കുന്നു.
സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയായിരുന്ന കുര്യാക്കോസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത 1933 ൽ വെളിയനാട് കൊച്ചുപുരയ്ക്കൽ കുടുംബത്തിൽ ഭൂജാതനായി. 22 വയസുള്ളപ്പോൾ മഞ്ഞിനിക്കര ദയറായിൽ വൈദിക വിദ്യാർത്ഥിയായി ചേരുകയും 1955 ൽ മോർ യൂലിയോസ് ബാവായിൽ നിന്ന് ശെമ്മാശപട്ടം സ്വീകരിക്കുകയും ചെയ്തു. 1958 സെപ്റ്റംബർ 21 ന് മോർ യൂലിയോസ് ബാവായിൽ നിന്ന് കശ്ശീശപട്ടം സ്വീകരിച്ചു. 1960 ൽ കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളിയുടെ വികാരിയായി നിയമിതനായി. 1984 വരെ വികാരിയായി തുടർന്ന് കുന്നംകുളം സിംഹാസന പള്ളി കേസിന്റെ നടത്തിപ്പിന് മുഖ്യ പങ്കു വഹിച്ചു.
1984 മുതൽ 2004 വരെ പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ ഒന്നാം സെക്രട്ടറിയായിരുന്നു. 1990 ൽ റമ്പാൻ സ്ഥാനം സ്വീകരിച്ചു. 1998 സെപ്റ്റംബർ 27 ന് മെത്രാപ്പോലീത്തയായി പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ വാഴിച്ചു. സുറിയാനി ഭാഷയിൽ നല്ല പരിജ്ഞാനമുള്ള തിരുമേനി ചിലപുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അഭി. ബന്യാമിൻ മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ പിൻഗാമിയായി മഞ്ഞിനിക്കര ദയറായുടെയും സിംഹാസന പള്ളികളുടെയും ചുമതല വഹിച്ചു. 2010 ൽ ഭരണ ചുമതലകളിൽ നിന്നും വിരമിച്ചു.
പിറമാടം ഗത്സീമോൻ ദയറായിൽ വിശ്രമ ജീവിതം നയിച്ചിരുന്ന തിരുമേനി ഏപ്രിൽ 9 ന് മഞ്ഞിനിക്കര ദയറായിൽ വെച്ച് കാലം ചെയ്തു. ഏപ്രിൽ 11 ന് തൻ്റെ ഗുരുവായ മോർ യൂലിയോസ് ബാവായുടെ കബറിനു പടിഞ്ഞാറു വശത്തായി മഞ്ഞിനിക്കരയിൽ കബറടക്കി.
