
പുത്തൻകുരിശ് ● നവാഭിഷിക്തനായ ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായ്ക്ക് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആശംസകൾ നേർന്നു.
ലോകത്തിലെ സമുന്നതരായ മതമേലദ്ധ്യക്ഷന്മാരുടെ സാന്നിദ്ധ്യത്തിൽ കാതോലിക്ക ബാവയായി അഭിഷിക്തനായി എന്നറിഞ്ഞതിൽ ഏറെ സന്തോഷവും പ്രാർത്ഥനയും അറിയിക്കുന്നുവെന്ന് ആശംസ സന്ദേശത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സമാധാനത്തിനായി കൈനീട്ടാൻ തയ്യാറാണെന്നും, ഹൃദയങ്ങൾ തമ്മിൽ ചേരേണ്ടതാണെന്നും എന്നുള്ള ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായുടെ സന്ദേശം ഏറെ പ്രത്യാശയോടെ കാണുന്നുവെന്നും പൈതൃകവും, സംസ്കാരവും കൊണ്ട് ധന്യമായ സഭയെ മനുഷ്യ സ്നേഹത്തിൻ്റെ പവിത്രത കൊണ്ട് നയിക്കാൻ നവാഭിഷിക്ത ബാവായ്ക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തി.
നാടിൻ്റെ നന്മയ്ക്കായും, മനുഷ്യ പക്ഷത്തു നിന്ന് ക്രിസ്തുവിനെ കുറിച്ച് പറയുവാനും, പ്രവർത്തിക്കുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും സഭയുമായും കാതോലിക്ക ബാവായുമായുള്ള ആത്മബന്ധവും സൗഹൃദവും ദൃഢമായി എക്കാലവും ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
