
മണർകാട് ● യേശുക്രിസ്തുവിൻ്റെ രാജകീയമായ യെരുശലേം പ്രവേശനത്തിന്റെ ഓർമ്മയെ പുതുക്കി കൊണ്ട് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
കാതോലിക്കയായി സ്ഥാനാരോഹിതനായ ശേഷം ആദ്യമായി കത്തീഡ്രലിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായ്ക്ക് ഭക്തിനിർഭരമായ സ്വീകരണവും വരവേൽപ്പുമാണ് മണർകാട് ഇടവക നൽകിയത്. തുടർന്ന് പ്രഭാത നമസ്ക്കാരത്തിനു ശേഷം ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും കുരുത്തോലകളേന്തി പ്രദക്ഷിണവും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും നടന്നു. ശ്രേഷ്ഠ കാതോലിക്കാ സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യത്തെ ഓശാന ശുശ്രൂഷയാണെന്നുള്ള സവിശേഷത കൂടി ഇതിനുണ്ട്.
കത്തീഡ്രൽ സഹ വികാരിമാരായ വന്ദ്യ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, വന്ദ്യ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. എം.ഐ തോമസ് മറ്റത്തിൽ, ഫാ. ഗീവറുഗീസ് നടുമുറിയിൽ, ഫാ. സനോജ് തെക്കേകുറ്റ്, ഫാ. ലിറ്റു തണ്ടാശ്ശേരിയിൽ, ഡീക്കൺ ഡോ. ജിതിൻ കുര്യൻ ചിരവത്തറ, ഡീക്കൺ ജിതിൻ മൈലക്കാട്ട് എന്നിവർ സഹ കാർമികരായി.
കത്തീഡ്രലിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു ചടങ്ങുകൾക്ക് കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി പി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.














